സ്പീക്കറെ തെരഞ്ഞെടുക്കാനാകാതെ 
യുഎസ് കോൺഗ്രസ്‌ ; 100 വർഷത്തിൽ ആദ്യം



വാഷിങ്‌ടൺ നൂറുവർഷത്തിനിടെ ആദ്യമായി അമേരിക്കൻ കോൺഗ്രസിൽ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്‌ പരാജയപ്പെട്ടു. പ്രതിനിധിസഭയിൽ വോട്ടെടുപ്പിൽ വിജയിക്കാൻ 218 വോട്ട്‌ വേണമെന്നിരിക്കെ, ഭൂരിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർടിയുടെ സ്ഥാനാർഥി കെവിൻ മക്കാർത്തിക്ക്‌ ലഭിച്ചത് 203 വോട്ട്‌ മാത്രം. സഭയിൽ ന്യൂനപക്ഷമായ ഡെമോക്രാറ്റ്‌ സ്ഥാനാർഥി ഹക്കീം ജെഫ്രീസിന്‌ 212 വോട്ട്‌ ലഭിച്ചതും റിപ്പബ്ലിക്കന്മാർക്ക്‌ നാണക്കേടായി. ചൊവ്വാഴ്ച മൂന്നുവട്ടം തെരഞ്ഞെടുപ്പ്‌ നടത്തിയെങ്കിലും പരാജയപ്പെട്ടു.  1923ന്‌ ശേഷം ആദ്യമായാണ്‌ കോൺഗ്രസ്‌ സ്പീക്കറെ തെരഞ്ഞെടുക്കാൻ രണ്ടാംദിനവും വോട്ടെടുപ്പ്‌ നടത്തേണ്ടി വരുന്നത്‌. ആദ്യ രണ്ടുവട്ട വോട്ടെടുപ്പിൽ 203 ‌വോട്ട്‌ വീതം നേടിയ മക്കാർത്തിക്ക്‌ മൂന്നാംവട്ടം 202 വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രതിനിധി സഭയിൽ 222 അംഗങ്ങളുള്ള റിപ്പബ്ലിക്കൻ പാർടിയിലെ ഭിന്നതയാണ്‌ മക്കാർത്തിയുടെ പരാജയത്തിനിടയാക്കിയത്‌. മക്കാർത്തി സ്‌പീക്കറാകില്ലെന്ന്‌ റിപ്പബ്ലിക്കൻ എംപി ബോബ്‌ ഗുഡ്‌ ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രഖ്യാപിച്ചു. ജിം ജോർദാൻ, ആൻഡി ബിഗ്‌സ്‌ എന്നീ റിപ്പബ്ലിക്കൻ എംപിമാരും മത്സരിച്ചതും മക്കാർത്തിയുടെ പരാജയത്തിന്‌ കാരണമായി. Read on deshabhimani.com

Related News