കുടിയേറ്റം : ട്രംപിന്റെ നടപടികൾ റദ്ദാക്കുന്ന 3 ഉത്തരവിൽ ബൈഡൻ ഒപ്പിട്ടു



വാഷിങ്‌ടൺ കുടിയേറ്റവുമായി ബന്ധപ്പെട്ട മൂന്ന്‌ എക്സിക്യൂട്ടീവ്‌ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ചൊവ്വാഴ്ച ഒപ്പിട്ടു. ഡോണൾഡ്‌ ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങൾ കാരണം അതിർത്തിക്ക്‌ ഇരുവശത്തുമായി  വിഭജിക്കപ്പെട്ട കുടുംബങ്ങളെ ഒരുമിപ്പിക്കാൻ ദൗത്യസംഘം രൂപീകരിക്കുന്നതും ഇതിൽപ്പെടും. നിയമപരമായ കുടിയേറ്റം നീതിപൂർവം നടക്കുന്നെന്ന്‌ ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. അമേരിക്കൻ ചരിത്രത്തിനുതന്നെ വിരുദ്ധമായ നുറുകണക്കിന്‌ കുടിയേറ്റവിരുദ്ധ നയങ്ങളാണ്‌ ട്രംപ്‌ സർക്കാർ സ്വീകരിച്ചത്‌. ഇതിന്റെ ഫലമായി 5,500 കുടുംബം വിഭജിക്കപ്പെട്ടു.‌ 600 കുട്ടികളുടെ രക്ഷിതാക്കളെ ഇനിയും കണ്ടെത്താനായിട്ടില്ല. പുതുതായി കൊണ്ടുവന്ന നയങ്ങളും നിയന്ത്രണങ്ങളും അടിമുടി പുനഃപരിശോധിക്കാനാണ്‌ ബൈഡൻ സർക്കാരിന്റെ തീരുമാനം. വിഭജിക്കപ്പെട്ട കുടുംബങ്ങളെയും സമൂഹത്തിലെ മറ്റ്‌ വിഭാഗങ്ങളെയും സന്ദർശിച്ച്‌, അതിർത്തിക്ക്‌ ഇരുവശമായ കുഞ്ഞുങ്ങളെയും രക്ഷിതാക്കളെയും ഒരുമിപ്പിക്കാനുള്ള നിർദേശങ്ങൾ ദൗത്യസംഘം നൽകും.  കുടുംബങ്ങളെ തമ്മിൽ അകറ്റിയതിനെ ന്യായീകരിക്കുന്ന ട്രംപിന്റെ ഉത്തരവ്‌ നിരോധിക്കുന്ന ഉത്തരവിലും ബൈഡൻ ഒപ്പിട്ടു. Read on deshabhimani.com

Related News