ലങ്ക പട്ടിണിയിലാകും: ലോകബാങ്ക്‌



കൊളംബോ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ കൂടുതൽ ആളുകൾ പട്ടിണിയിലാകുമെന്ന്‌ ലോകബാങ്ക്‌. പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ടു. രാജ്യത്തെ 11.7 ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയാണ്‌–- പ്രതിദിന വരുമാനം 3.2 ഡോളറിൽ (245.03 രൂപ) കുറവ്‌. 2019ൽ 9.2 ശതമാനംപേർ മാത്രമാണ്‌ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുണ്ടായിരുന്നത്‌. കോവിഡിൽ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ 2020ൽ 3.6 ശതമാനം ചുരുങ്ങി. 2022 മുതൽ രാജ്യത്തിനുള്ള വിദേശസഹായത്തിലും വലിയ കുറവുണ്ടാകുമെന്നാണ്‌ കണക്കുകൂട്ടൽ. പ്രശ്‌നം പരിഹരിക്കാൻ ശ്രീലങ്കൻ സർക്കാർ നയപരമായ തീരുമാനങ്ങളെടുക്കണമെന്നും ലോകബാങ്ക്‌ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രാജ്യത്തിന്‌ 400 കോടി ഡോളർ (ഏകദേശം 30,629 കോടി രൂപ)എങ്കിലും വേണം. കഴിഞ്ഞയാഴ്ച മരുന്നുകൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാൻ ലോകബാങ്ക്‌ രാജ്യത്തിന്‌ ഒരു കോടി ഡോളറിന്റെ പാക്കേജ്‌ പ്രഖ്യാപിച്ചിരുന്നു. ഗോൾഡൻ വിസ നൽകാൻ ലങ്ക സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ദീർഘകാല വിസകൾ അനുവദിക്കുമെന്ന്‌ ശ്രീലങ്ക. രാജ്യത്തെ ബാങ്കുകളിൽ ഒരുലക്ഷം ഡോളർ നിക്ഷേപിക്കുന്ന വിദേശികൾക്ക്‌ ഗോൾഡൻ പാരഡൈസ്‌ വിസ പദ്ധതിപ്രകാരം രാജ്യത്ത്‌ 10 വർഷം താമസിക്കാൻ അനുവദം നൽകും. ഇത്രയുംകാലം തുക ബാങ്കിൽനിന്ന്‌ പിൻവലിക്കരുതെന്നാണ്‌ വ്യവസ്ഥ. 75,000 ഡോളർ മുടക്കി അപ്പാർട്‌മെന്റുകൾ വാങ്ങുന്ന വിദേശികൾക്ക്‌ അഞ്ചുവർഷത്തെ വിസ നൽകും. കരുത്താര്‍ജിച്ച് 
പ്രക്ഷോഭം പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ ഓഫീസിനുമുന്നിൽ ക്യാമ്പ്‌ ചെയ്ത്‌ ആയിരക്കണക്കിനാളുകൾ സമരം ചെയ്യുന്നു. ചൊവ്വാഴ്ചയോടെ പ്രക്ഷോഭം പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വസതിക്കു മുന്നിലേക്കും വ്യാപിച്ചു. പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭരണഘടനാ ഭേദഗതി ‘19 എ’ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിന്‌ സർക്കാർ വഴങ്ങുമെന്നാണ്‌ സൂചന. 2019ലെ വിജയത്തിനുശേഷം 2020ൽ ഗോതബായ ഈ ഭേദഗതി അസാധുവാക്കിയിരുന്നു. ഭരണഘടനാ ഭേദഗതി ചർച്ച ചെയ്യാൻ വ്യാഴാഴ്ച പാർടി നേതാക്കളുടെ യോഗം സ്പീക്കർ വിളിച്ചിട്ടുണ്ട്. Read on deshabhimani.com

Related News