സൗദിയില്‍ നാലു മരണം കൂടി; ഗള്‍ഫില്‍ രോഗ ബാധിതര്‍ വര്‍ധിക്കുന്നു



മനാമ > സൗദിയില്‍ കൊറോണവൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. ഇതോരെ കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഞായറാഴ്ച 96 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. .ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1299 ആയി ഉയര്‍ന്നു. ഇതില്‍ 66 പേര്‍ രോഗമുക്തരായി. ഞായറാഴ്ച മാത്രം 29 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഞായറാഴ്ച ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തലസ്ഥാനമായ റിയാദിലാണ്-27 പേര്‍. ദമാം-23, മദീന-14, ജിദ്ദ-12, മക്ക-7, അല്‍കോബാര്‍-4, ദെഹ്റാന്‍-2, ഖരത്തീഫ്, രാസ്തന്നൂറ, സൊഹാത്ത്, ഹുഫൂഫ്, തായിഫ്, ഖമീസ് മുഷായത്ത്, തബൂക്ക് എന്നിവിടങ്ങളില്‍ ഒരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കുകൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗ ബാധിതര്‍ 255 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മറ്റ് ഒമ്പത് ഇന്ത്യക്കാര്‍ക്ക് രോഗം പിടിപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 67 പേര്‍ ഇതുവരെ രോഗമുക്തരായി. 188 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 12 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 1231 പേര്‍ നിരീക്ഷണ ക്യാമ്പിലുണ്ട്. 910 പേര്‍ നിരീക്ഷണഘട്ടം പിന്നിട്ടതായും മന്ത്രാലയം അറിയിച്ചു. ബഹ്റൈനില്‍  ഞായറാഴ്ച 23 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 223 ആയി.  ഏഴ് പേര്‍ക്ക് രോഗം ഭേദമായി. 272 പേര്‍ രാജ്യത്ത് രോഗ വിമുക്തരായി. 31840 പേരെ രോഗ നിര്‍ണയ പരിശോധനകള്‍ക്ക് വിധേയമാക്കിയതായും മന്ത്രാലയം അറിയിച്ചു. ഒമാനില്‍ ഞായറാഴ്ച 15 കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാഖിതര്‍ 167 ആയി. ഇതില്‍ 23 പേര്‍ക്ക് രോഗം ഭേദമായി. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 3275 പേര്‍ക്ക് കൊറോണവൈറസ് രോഗ ബാധയുണ്ട്. 15 പേര്‍ മരിച്ചു. സൗദിയില്‍ എട്ടും ബഹ്റൈനില്‍ നാലും യുഎഇയില്‍ രണ്ടും ഖത്തറില്‍ ഒരാളുമാണ് മരിച്ചത്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ സൗദിയിലാണ്. Read on deshabhimani.com

Related News