കരപിടിക്കാതെ ലങ്ക ; സർവകക്ഷി സർക്കാരിന് നീക്കം ; രണ്ടരലക്ഷത്തോളംപേർ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍



കൊളംബോ അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ ഇടക്കാല സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാൻ പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം. പ്രക്ഷോഭം കൊടുമ്പിരികൊള്ളുകയും പ്രസിഡന്റ് ​ഗോതബായ രജപക്സെ ഒളിച്ചോടുകയും ചെയ്‌തതോടെയാണിത്.  പ്രസിഡന്റ്‌ രാജിവച്ചാലുടൻ ഇടക്കാല സർക്കാർ രൂപീകരിക്കാൻ ഞായറാഴ്‌ച ചേർന്ന പ്രതിപക്ഷ പാര്‍ടികളുടെ യോഗം തീരുമാനിച്ചു. അധികാരമാറ്റത്തിന് സഭ വിളിക്കുന്നത്‌ ചര്‍ച്ച ചെയ്യാന്‍ പാര്‍ടി നേതാക്കളുടെ യോ​ഗം തിങ്കളാഴ്ച പകൽ ചേരും. പ്രസിഡന്റ് ബുധനാഴ്‌ച രാജിവയ്‌ക്കുമെന്ന്‌ സ്‌പീക്കർ അറിയിച്ചു. പ്രസിഡന്റ് രാജിവയ്ക്കാതെ പുറത്തുപോകില്ലെന്ന്‌ കൊട്ടാരം പിടിച്ചെടുത്ത  പ്രക്ഷോഭകർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പലഭാ​ഗങ്ങളില്‍ നിന്നെത്തിയ ഏകദേശം രണ്ടരലക്ഷത്തോളം ശ്രീലങ്കക്കാര്‍ രണ്ടുദിവസമായി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ തുടരുകയാണ്. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് ദ്വീപ് രാജ്യത്തെ കരകയറ്റാനുള്ള മാര്‍​ഗങ്ങളും ഞായറാഴ്ച അടിയന്തര യോ​ഗം ചര്‍ച്ച ചെയ്തു. എല്ലാ പാര്‍ടി പ്രതിനിധികളുമുള്ള സര്‍ക്കാര്‍ ആയിരിക്കുമിതെന്ന് ഭരണപക്ഷത്തെ നേതാവായ വിമല്‍ വീരവന്‍ശ അറിയിച്ചു. ഹ്രസ്വകാല സര്‍ക്കാര്‍ രൂപീകരിക്കാനും പിന്നീട് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടത്താനുമാണ്‌ തീരുമാനമെന്ന്‌ പ്രതിപക്ഷ നേതാവും എസ്ജെബി ജനറല്‍ സെക്രട്ടറിയുമായ രഞ്ജിത് മധുമ ബന്ധാര പറഞ്ഞു. ഭരണഘടന പ്രകാരം പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നതുവരെ പ്രധാനമന്ത്രിക്കാണ് ചുമതല. എന്നാല്‍, പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും രാജിവച്ചതോടെ സ്പീക്കര്‍ മഹിന്ദ  യാപ്പ അബെയ് വര്‍ധന താൽക്കാലിക പ്രസിഡന്റാകും. മന്ത്രിസഭയിലെ നാലം​ഗങ്ങള്‍കൂടി രാജി പ്രഖ്യാപിച്ചു. നിക്ഷേപ പ്രോത്സാഹന മന്ത്രി ധമിക പെരേര, ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍നാന്‍ഡോ, തൊഴില്‍ മന്ത്രി മനുഷാ നാണയക്കാര, വ്യവസായമന്ത്രി ബന്ധുല ​ഗുണവര്‍ധനെ എന്നിവരാണ് രണ്ടുദിവസത്തിനിടെ രാജിവച്ചത്. കൃഷി മന്ത്രി മഹിന്ദ അമരവീരയും രാജി സന്നദ്ധത അറിയിച്ചു.     Read on deshabhimani.com

Related News