രാജവാഴ്ചയ്ക്കെതിരെ ജനകീയരോഷം ; ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ 
പ്രതിഷേധമെന്ന് മാധ്യമങ്ങള്‍



ലണ്ടൻ ജനാധിപത്യത്തെ അപഹസിച്ച് ബ്രിട്ടണില്‍ ചാൾസ്‌ മൂന്നാമന്റെ കിരീടധാരണം നടത്തുന്നതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമുയര്‍ന്നു. ചാള്‍സിന്റെ രാജകീയഘോഷയാത്ര നടക്കവെ "ഇതെന്റെ രാജാവല്ല' എന്ന മുദ്രാവാക്യമുയർത്തി നൂറുകണക്കിനാളുകള്‍ പ്രതിഷേധമുയര്‍ത്തി. മധ്യലണ്ടനില്‍ കിരീടധാരണം നടന്ന വെസ്റ്റ്മിനിസ്റ്റര്‍ ആബിക്ക് മുന്നിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി. മഞ്ഞവേഷത്തിലാണ് പ്രതിഷേധക്കാര്‍ എത്തിയത്. രാജപദവിയെ കളിയാക്കി"അയാള്‍ വെറും സാധാരണ മനുഷ്യന്‍ മാത്രം'എന്ന് തുടങ്ങുന്ന ​ഗാനവും ആലപിച്ചു. ബ്രിട്ടീഷ് രാജഭരണത്തിനെതിരെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് ചില ഇം​ഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. രാജഭരണ വിരുദ്ധരുടെ കൂട്ടായ്‌മയായ റിപബ്ലികിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.  സംഘടനയുടെ നേതാവ്  ഗ്രഹാം സ്‌മിത്തിനെയും മറ്റ് നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തതായി പ്രതിഷേധക്കാര്‍ അറിയിച്ചു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നൂറുകണക്കിന് പ്ലക്കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഭരണഘടനാധിഷ്ഠിതമായ ആധുനിക ജനാധിപത്യത്തില്‍ രാജകുടുംബത്തിന് യാതൊരു പങ്കുമില്ലെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു.1649ല്‍ തലയറുത്ത് കൊല്ലപ്പെട്ട ചാള്‍സ് ഒന്നാമന്‍ രാജാവി‍ന്റെ പ്രതിമയ്ക്ക് മുന്നില്‍ രാജഭരണവിരുദ്ധര്‍ പ്രത്യേകയോ​ഗം ചേര്‍ന്നു. ‘ജനങ്ങളുടെ രാജാവ്’ എന്ന അടിക്കുറിപ്പോടെ രാജകുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഹാരി രാജകുമാരന്റെ ചിത്രം പ്രതിഷേധക്കാര്‍ ഉയര്‍ത്തി. രാജവാഴ്ച നിർത്തലാക്കുക, ജനങ്ങൾക്ക് ഭക്ഷണം നൽകുക എന്നീ മുദ്രാവാക്യമുയർത്തി സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലും വെയ്‌ൽസിലെ കാർഡിഫിലും  പ്രതിഷേധങ്ങൾ നടന്നു.  രാജഭരണത്തെ അനുകൂലിച്ച്, ചാള്‍സിനെ അഭിനന്ദിച്ച് പതിനായിരങ്ങളാണ് ലണ്ടന്‍ നിരത്തുകളില്‍ ഇറങ്ങിയത്. എന്നാല്‍ യുവജനങ്ങള്‍ക്കിടയില്‍ രാജ ഭരണത്തിനെതിരായ വികാരം ശക്തമാണെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പതിനൊന്നായിരത്തിലേറെ സുരക്ഷാസൈനികരെയാണ് ലണ്ടനില്‍ വിന്യസിച്ചത്.   Read on deshabhimani.com

Related News