കൊറോണ വായുവിലൂടെ പകരാം; മുന്നറിയിപ്പ്‌ നൽകിയത്‌ 32 രാജ്യങ്ങളിലെ 239 ശാസ്‌ത്രജ്ഞർ ; വിശ്വസനീയമല്ലെന്ന്‌ ഡബ്ല്യുഎച്ച്‌ഒ



ന്യൂയോർക്ക്‌ കോവിഡ്‌ വായുവിലൂടെ പകരുമെന്ന്‌ ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്‌. ചെറിയ കണികപോലും­­­­ രോഗം പരത്തുമെന്ന്‌ കണ്ടെത്തിയതായി  32 രാജ്യങ്ങളിൽനിന്നുള്ള 239 ശാസ്‌ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്ക്ക്‌ (ഡബ്ല്യുഎച്ച്‌ഒ) എഴുതിയ കത്തിൽ വ്യക്തമാക്കി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന തുള്ളികളിലൂടെ മാത്രമാണ്‌ കോവിഡ്‌ പകരുന്നതെന്നാണ്‌ ഡബ്ല്യു­­എച്ച്‌ഒയുടെ നിഗമനം. ഇത്‌ തിരുത്തണമെന്നാണ്‌ ശാസ്‌ത്രജ്ഞർ ആവശ്യപ്പെടുന്നത്‌. ചികിത്സയ്‌ക്കിടെ ഉണ്ടാകുന്ന, അഞ്ചു മൈക്രോണിൽ താഴെയുള്ള തുള്ളികളിലൂടെയോ സ്രവകണികകളിലൂടെയോ മാത്രമേ വായുവിലൂടെ രോഗം പകരൂ എന്നാണ്‌ ഡബ്ല്യുഎച്ച്‌ഒ ജൂൺ 29ന്‌ പറഞ്ഞിട്ടുള്ളത്‌. എന്നാൽ, മദ്യ–- ഭക്ഷണശാലകളും ജോലിസ്ഥലങ്ങളും ചന്തകളും ചൂതാട്ടകേന്ദ്രങ്ങളും കേന്ദ്രീകരിച്ച്‌ രോഗവ്യാപനമുണ്ടാകുന്നുണ്ട്‌. ഇത്‌ അടച്ചിട്ട മുറികളിൽ വായുവിൽ വൈറസ്‌ തങ്ങിനിൽക്കുന്നത്‌ കൊണ്ടാകാം. അടച്ചിട്ട മുറികളിൽ  മാസ്‌ക്‌ ധരിക്കാതെ ഇരുന്നാൽ രോഗവ്യാപനം വർധിക്കാമെന്നും സ്‌കൂളുകൾ, നേഴ്‌സിങ്‌‌ ഹോമുകൾ, പാർപ്പിടങ്ങൾ, ബിസിനസ്‌ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക്‌ നിർബന്ധമാക്കുകയോ, വായുസഞ്ചാരം കൂട്ടുകയോ വേണമെന്നും ശാസ്‌ത്രജ്ഞർ പറയുന്നു. കോവിഡ്‌ വായുവിലൂടെ പകരുമെന്ന വാദം വിശ്വസനീയമല്ലെന്ന്‌ ഡബ്ല്യുഎച്ച്‌ഒ രോഗ നിയന്ത്രണ സാങ്കേതിക മേധാവി ഡോ. ബെനഡെറ്റ അല്ലെഗ്രൻസി പറഞ്ഞു. ഈ സാധ്യത പരിശോധിക്കുന്നുണ്ട്‌. എന്നാൽ ഇത്‌ ശരിവയ്‌ക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന്‌ അവർ പറഞ്ഞു. വായുവിലൂടെ പകരില്ലെന്നതിനും തെളിവില്ലെന്ന്‌ ഓക്‌സ്‌ഫഡ്‌ സർവകലാശാലയിലെ പ്രാഥമികചികിത്സാ വിഭാഗത്തിലെ ഡോ. ട്രിഷ്‌ ഗ്രീൻഗാൾഗ്‌ പറഞ്ഞു. പുതിയ ശാസ്‌ത്രീയ തെളിവുകൾ കഴിയുന്നത്ര വേഗം വിലയിരുത്താൻ വിദഗ്ധർ ശ്രമിക്കുകയാണെന്ന്‌ ഡബ്ല്യുഎച്ച്‌ഒയുടെ മുഖ്യ ശാസ്‌ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എല്ലാം പരിഗണിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ വിദ്ഗധസമിതികൾ വിപുലമാക്കാൻ ശ്രമിക്കുന്നതായും അവർ അറിയിച്ചു. Read on deshabhimani.com

Related News