ദുരന്തം തുടർക്കഥ ; നേപ്പാളിൽ 2000 മുതൽ 
വിമാനാപകടങ്ങളിൽ 
മരിച്ചത്‌ 309 പേർ



  കാഠ്മണ്ഡു എവറസ്റ്റ് ഉൾപ്പെടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ പതിനാല് പർവതങ്ങളിൽ എട്ടെണ്ണവും സ്ഥിതിചെയ്യുന്ന നേപ്പാളിൽ  വിമാനാപകടങ്ങൾ തുടർക്കഥ. 2000 മുതൽ നടന്ന വിമാന–- ഹെലികോപ്‌ടർ അപകടങ്ങളിൽ 309 പേർ മരിച്ചതായാണ്‌ കണക്ക്‌. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് യൂറോപ്യൻ യൂണിയൻ 2013 മുതൽ നേപ്പാളിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ നേപ്പാളിൽ സംഭവിച്ച ഏറ്റവും വലിയ അപകടമാണ്‌ കഴിഞ്ഞ ദിവസം പൊഖാറ വിമാനത്താവളത്തിന്‌ സമീപമുണ്ടായത്‌. 2022 മേയിൽ നേപ്പാളി വിമാനക്കമ്പനിയായ താര എയറിന്റെ വിമാനം തകർന്ന് 16 നേപ്പാളികളും നാല് ഇന്ത്യക്കാരും രണ്ട് ജർമൻകാരുമടക്കം 22 പേർ മരിച്ചു. 2018 മാർച്ചിൽ കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് -ബംഗ്ലാ എയർലൈൻസ് വിമാനം തകർന്ന് 51 പേർ മരിച്ചു. 2019 ഫെബ്രുവരിയിൽ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി അടക്കം ഏഴ് പേര്‍ മരിച്ചു. 1992ൽ കാഠ്മണ്ഡുവിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ അപകടത്തില്‍ 167 പേരാണ്‌ മരിച്ചത്. ഇതാണ്‌ നേപ്പാളിൽ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടം.    ദുര്‍ഘടമായ പര്‍വതനിരകള്‍, പ്രവചനാതീതമായ കാലാവസ്ഥ, സുരക്ഷിതമല്ലാത്ത വിമാനങ്ങൾ, വ്യോമയാന മേഖലയിൽ വേണ്ടത്ര നിയന്ത്രണമില്ലായ്‌മ തുടങ്ങിയവയാണ്‌ അപകടങ്ങൾ ആവർത്തിക്കുന്നതിന്‌ കാരണം. അധികവും ചെറുയാത്രാ വിമാനങ്ങളാണ് അപകടമുണ്ടാക്കുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യംവച്ചാണ്‌ കൂടുതൽ ആഭ്യന്തര വിമാന സർവീസുകളും.  Read on deshabhimani.com

Related News