സൂര്യനെ ‘തൊട്ട്' നാസ

videograbbed image


വാഷിങ്ടണ്‍ സൂര്യന്റെ അന്തരീക്ഷത്തെ തൊടുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി നാസയുടെ പാർക്കർ സോളാർ പ്രോബ്. ഏപ്രില്‍ 28ന് പേടകം സൂര്യന്റെ ഏറ്റവും ബാഹ്യഅന്തരീക്ഷമായ കൊറോണയിലൂടെ വിജയകരമായി പറന്നതായി അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്‍ സമ്മേളനത്തില്‍ നാസ വെളിപ്പെടുത്തി. സെക്കൻഡിൽ 100 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകം അഞ്ചു മണിക്കൂറാണ് സൂര്യന്റെ അന്തരീക്ഷത്തില്‍ ചെലവഴിച്ചത്. ഇവിടത്തെ കണങ്ങളെയും കാന്തികക്ഷേത്രങ്ങളെയും കുറിച്ച് പേടകം വിവരം ശേഖരിച്ചു. വിവരങ്ങള്‍ ഭൂമിയിൽ എത്താൻ മാസങ്ങളെടുത്തു. ലഭിച്ച വിവരങ്ങൾ ഉറപ്പാക്കിയശേഷമാണ് ഇക്കാര്യം പുറത്തുവിട്ടത്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിനോടാണ് ഈ ചരിത്രനേട്ടത്തെ നാസ താരതമ്യപ്പെടുത്തുന്നത്. സൂര്യനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇത് നാഴികക്കല്ലാകും. സൗരവാതത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തില്‍ 2018 ആ​ഗസ്തിലാണ് പാര്‍ക്കര്‍ വിക്ഷേപിച്ചത്. അഞ്ചുമണിക്കൂറിനിടെ സൂര്യന്റെ പുറംഭാ​ഗത്തെ 1.3കോടി കിലോമീറ്ററില്‍ പാര്‍ക്കര്‍ സഞ്ചരിച്ചു.   ചിക്കാഗോ സർവകലാശാല പ്രൊഫസറും ജ്യോതിശാസ്ത്രജ്ഞനുമായ യൂജിൻ പാർക്കറുടെ പേരാണ് പേടകത്തിനിട്ടത്.  ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലുള്ള നാസയുടെ ആദ്യ ദൗത്യമാണ് ഇത്. രണ്ടായിരത്തി ഇരുപത്തഞ്ചോടെ  പാർക്കറിന് സൂര്യനോട് കൂടുതല്‍ അടുക്കാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. Read on deshabhimani.com

Related News