മ്യാന്മറില്‍ കൂട്ടക്കുരുതി



യാങ്കോൺ ഒറ്റ ദിവസത്തിൽ 114 പ്രക്ഷോഭകരെ കൊന്നുതള്ളിയ മ്യാന്മർ സൈന്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തം. നടപടിയെ ശക്തമായി അപലപിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്റെസ് അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന്‌ പറഞ്ഞു. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനും നടുക്കം രേഖപ്പെടുത്തി.നിരായുധരായ പ്രക്ഷോഭകർക്കെതിരെ അക്രമം നടത്തിയ മ്യാന്മർ സൈന്യത്തെ അപലപിച്ച്‌ 12 രാജ്യത്തെ സൈനിക മേധാവികൾ സംയുക്ത പ്രസ്താവന ഇറക്കി. എന്നാൽ, രക്തച്ചൊരിച്ചിൽ നടന്ന്‌ മണിക്കൂറുകൾക്കകം ജനാധിപത്യ പുനഃസ്ഥാപനത്തിനായി‌ വീണ്ടും തെരുവിലിറങ്ങി മ്യാന്മർ ജനത. വിവിധ നഗരങ്ങളിലായി ആയിരക്കണക്കിന്‌ ആളുകൾ പ്രതിഷേധങ്ങളിൽ പങ്കാളികളായി. സായുധസേനാ ദിനമായ ശനിയാഴ്ച 24 നഗരത്തിലായി ജനാധിപത്യ പുനഃസ്ഥാപനത്തിനായി സമരം ചെയ്തവരെയാണ്‌ സൈന്യം കൊന്നുതള്ളിയത്‌. കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളുമുണ്ട്‌. മിക്കവരും തലയിൽ വെടിയേറ്റാണ്‌ മരിച്ചത്‌. സൈന്യത്തിൽനിന്ന്‌‌ രക്ഷപ്പെട്ട നിരവധിയാളുകൾക്ക്‌ അഭയം നൽകിയ പാപുൻ ജില്ലയിലെ ‘ഡേ പു നോ’ ഗ്രാമത്തിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടുപേർ മരിച്ചു. സായുധ ഗോത്ര സംഘം കാരേൻ നാഷണൽ യൂണിയന്റെ (കെഎൻയു) അധീനതയിലാണ്‌ തായ്‌വാൻ അതിർത്തിയിലെ ഈ പ്രദേശം‌. 2015ൽ ഇവർ സൈന്യവുമായി വെടിനിർത്തൽ കരാറിൽ ഒപ്പിട്ടിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ആക്രമണം. ശനിയാഴ്ച പ്രദേശത്തെ കെഎൻയു പട്ടാള ക്യാമ്പിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. Read on deshabhimani.com

Related News