യുഎഇ യിൽ ആരാധനാലയങ്ങൾ തുറന്നു; ജുമുഅ നമസ്‌ക്കാരത്തിന്‌ അനുമതിയില്ല



ദുബായ് > ജൂലൈ ഒന്നുമുതൽ യുഎഇ യിലെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി.  കോവിഡ് പശ്ചാത്തലത്തിൽ ഏറെ നാളുകളായി ആരാധനാലയങ്ങളും  അടഞ്ഞു കിടക്കുകയായിരുന്നു. ജനജീവിതം സാധാരണ ഗതിയിൽ എത്തിയതോടെ നിയന്ത്രണങ്ങൾ പടി പടിയായി നീക്കുന്നതിന്റെ ഭാഗമായാണ് ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഭരണകൂടം നൽകിയിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സമിതി ആണ് ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്ന കാര്യം അറിയിച്ചത്. എന്നാൽ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. ആരാധനാലയങ്ങളിൽ 30 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. ഷോപ്പിംഗ് മാളുകൾ, വ്യവസായ മേഖലകൾ, പാർക്കുകൾ എന്നിവിടങ്ങളിലുള്ള പള്ളികൾ ഇപ്പോൾ തുറക്കില്ല. പള്ളികൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെങ്കിലും മുൻകരുതൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം തുറന്നു പ്രവർത്തിക്കേണ്ടത്. ഇമാമും, പള്ളിയിലെ മറ്റ് ജീവനക്കാരും കോവിഡ് പരിശോധനയ്ക്ക് നിർബന്ധമായും വിധേയമാകുകയും, കോവിഡ് പോസിറ്റീവ് അല്ല എന്ന് സ്ഥിരീകരിക്കുകയും വേണം. മൂന്നു മീറ്റർ അകലം പാലിക്കണം, ഹസ്തദാനം പാടില്ല, വീട്ടിൽ നിന്നും അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താൻ, ഖുർആൻ പാരായണം ചെയ്യുന്നവർ വീട്ടിൽ നിന്ന് ഖുർആൻ കൊണ്ടുവരണം, 12 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗുരുതരമായ രോഗമുള്ളവർ, വയോജനങ്ങൾ എന്നിവർ പള്ളിയിൽ വരുന്നത് ഒഴിവാക്കണം എന്നിങ്ങനെയുള്ള കർശനമായ മാർഗനിർദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചിട്ടുള്ളത്. Read on deshabhimani.com

Related News