തീരംതൊട്ട് മോക്ക ; മ്യാന്മർ, ബംഗ്ലാദേശ്‌ തീരങ്ങളിൽ വന്‍ നാശനഷ്ടം



ധാക്ക ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോക്ക അതിതീവ്ര ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച്  ഞയറാഴ്‌ച മ്യാന്മർ, ബംഗ്ലാദേശ്‌ തീരങ്ങളിൽ ഇടിച്ചിറങ്ങി. ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ വലിയ നഷ്ടമുണ്ടായി. അഞ്ചുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാല്‍ വന്‍തോതില്‍ ആളപായമുണ്ടായില്ല. മ്യാന്മാറി‍ല്‍ അഭയം നഷ്ടപ്പെട്ട റോഹിങ്ക്യൻ ജനത അധിവസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ കോക്‌സ് ബസാറില്‍ 500-ലധികം മുളവീടുകള്‍ നശിച്ചു. പ്രദേശത്ത്‌ നിരവധി ആളുകൾക്ക്‌ പരിക്കേറ്റെന്നും മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിലാണ്‌ കാറ്റുവീശുന്നതെന്നും അധികൃതർ അറിയിച്ചു. അടച്ചുറപ്പില്ലാത്ത ക്യാമ്പുകളില്‍ കഴിയുന്ന പത്തുലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികള്‍ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്നു.ബസഞ്ചർ ദ്വീപിൽ റോഹിങ്ക്യൻ അഭയാർഥികൾക്കായി 55 ക്യാമ്പ്‌ ഒരുക്കിയിട്ടുണ്ട്‌. സെന്റ്‌ മാർട്ടിൻ ദ്വീപിൽ നിരവധി വീടുകൾ പറന്നുപോയി. വിമാനത്താവളങ്ങൾ എല്ലാം അടച്ചു. രണ്ട് പതിറ്റാണ്ടിനിടെ ബംഗ്ലാദേശിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. മ്യാൻമറിൽ മൂന്നുപേര്‍ മരിച്ചതായി റിപ്പോർട്ടുണ്ട്‌. മൂന്നുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. മ്യാൻമറിലെ സിറ്റ്‌വെ നഗരത്തില്‍ കൊടുങ്കാറ്റ് വന്‍ നാശംവിതച്ചു.   Read on deshabhimani.com

Related News