വിദ്യാർഥിനിയെ അപമാനിച്ച സംഭവം: പൊലീസുകാരി കോടതിയിൽ മാപ്പപേക്ഷിച്ചു



കൊച്ചി> 3 മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറ്റിങ്ങലില്‍ സ്കൂൾ വിദ്യാർഥിനിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി. തനിക്കും മൂന്ന്‌ കുട്ടികളുണ്ടെന്നും പെൺകുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നും  അവർ കോടതിയെ അറിയിച്ചു. മാപ്പപേക്ഷയില്‍ മറുപടി  അറിയിക്കാൻ കോടതി പെൺകുട്ടിക്ക് സമയം അനുവദിച്ചു. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. കുട്ടിക്ക് അനുകൂലമായി എന്ത് നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിക്കണം. നഷ്ടപരിഹാരം തേടി പെൺകുട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. കുട്ടിക്ക് മാനസികാഘാതം ഉണ്ടായെന്ന് സർക്കാർ മുദ്രവച്ച കവറിൽ നൽകിയ റിപ്പോർട്ടിലുണ്ട്‌. പൊലീസുകാരിയെ നല്ലനടപ്പ് ട്രെയിനിങ്ങിന്‌ അയച്ചതായും സർക്കാർ അറിയിച്ചു. ജനങ്ങൾ കൂടിയതുകൊണ്ടാണ് കുട്ടി കരഞ്ഞതെന്ന റിപ്പോർട്ടിലെ ഭാഗം തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. 15ന്‌ കേസ് പരിഗണിക്കുമ്പോൾ കുട്ടിയെ പരിശോധിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ വീഡിയോ കോൺഫറൻസ് വഴി ഹാജരാകണം. എസ്‌സി–-എസ്ടി നിയമപ്രകാരം കേസ് എടുക്കാനാകില്ലെന്ന് ഡിജിപി പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. Read on deshabhimani.com

Related News