മാപ്പുപറഞ്ഞാൽ പോരാ ; മാർപാപ്പയോട്‌ ക്യാനഡ



ക്യുബെക്‌ സിറ്റി നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്‌ ഇരയായി ആയിരക്കണക്കിന്‌ തദ്ദേശീയ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഫ്രാൻസിസ്‌ മാർപാപ്പയുടെ ഖേദപ്രകടനം മാത്രം പരിഹാരമാകില്ലെന്ന്‌ കനേഡിയൻ സർക്കാർ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഗവർണർ ജനറൽ മേരി സൈമൺ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ മാർപാപ്പ ക്യുബെക്‌ സിറ്റിയിൽ എത്തിയപ്പോഴാണ്‌ പ്രതികരണം. ആറുദിവസത്തെ സന്ദർശനത്തിനായി ക്യാനഡയിലെത്തിയ മാർപാപ്പ ‘റസിഡൻഷ്യൽ സ്കൂളുകളിൽ സഭയുമായി ബന്ധപ്പെട്ടവർ നടത്തിയ തിന്മകൾക്ക്‌’ മാപ്പുപറഞ്ഞിരുന്നു.  എന്നാൽ, സ്കൂളുകളിൽ കുട്ടികൾ നേരിട്ട ലൈംഗികപീഡനങ്ങളെപ്പറ്റി അദ്ദേഹം പരാമർശിച്ചില്ല. ഈ ക്രൂരതകൾക്ക്‌ സഭയ്ക്ക്‌ ഉത്തരവാദിത്വമുണ്ടെന്നും പറഞ്ഞില്ല. ഇതാണ്‌ സർക്കാരിന്റെയും തദ്ദേശീയ വിഭാഗങ്ങളുടെയും അസംതൃപ്തിക്കു കാരണം. മാർപാപ്പയുടെ ക്യാനഡ സന്ദർശനം വ്യാഴാഴ്ച അവസാനിച്ചു. Read on deshabhimani.com

Related News