ഭീതി ഒഴിയാതെ മണിപ്പുർ



ന്യൂഡൽഹി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ സന്ദർശനശേഷംമാത്രം മണിപ്പുരിൽ അക്രമികൾ കത്തിച്ചത്‌ 56 ഗ്രാമവും 20 പള്ളിയും. മെയ്‌ത്തീ തീവ്രവാദ സംഘടനകളായ ആരംബായ്‌ തെംഗോലും മെയ്‌ത്തീ ലീപുണും മണിപ്പുർ പൊലീസ്‌ കമാൻഡോകളും ഒത്തുചേർന്നാണ്‌ ആക്രമണങ്ങൾ നടത്തുന്നതെന്ന്‌ സോമി സ്റ്റുഡന്റ്‌ ഫെഡറേഷൻ വ്യക്തമാക്കി. സർക്കാർ രക്ഷാകർതൃത്വത്തിൽ വംശീയഹത്യ നടക്കുകയാണ്‌. കുക്കി വിഭാഗം കന്യാസ്‌ത്രീകളുടെ വീടുകൾ തെരഞ്ഞുപിടിച്ച്‌ തീയിടുകയാണെന്ന്‌ ക്രൈസ്‌തവ സഭാ പ്രതിനിധി പറഞ്ഞു. സഭാംഗം വ്യക്തമാക്കി. ഇതിനിടെ, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ ഇംഫാലിൽ എത്തി മണിപ്പുർ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തി. ദേശീയ നേതൃത്വത്തിന്റെ സന്ദേശവുമായാണ്‌ ഹിമന്ത എത്തിയതെന്ന്‌ മുതിർന്ന ബിജെപി നേതാവ്‌ പറഞ്ഞു. മണിപ്പുരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചചെയ്‌തശേഷം ഹിമന്ത വീണ്ടും ഇംഫാലിൽ എത്തുമെന്ന്‌ റിപ്പോർട്ടുണ്ട്‌. മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ കമ്മിറ്റി രൂപീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുഖ്യമന്ത്രി, ഏതാനും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ എന്നിവർ അടങ്ങിയതാണ്‌ കമ്മിറ്റി. വിരമിച്ച സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർ, കലാസാംസ്‌കാരിക മേഖലകളിലെ പ്രമുഖർ, സാമൂഹ്യ പ്രവർത്തകർ എന്നിവരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തും. അനുരഞ്‌ജന സംഭാഷണങ്ങൾക്ക്‌ തുടക്കമിടുകയാണ്‌ കമ്മിറ്റിയുടെ ആദ്യലക്ഷ്യം. അതേസമയം, കലാപത്തിൽ സംസ്ഥാന സർക്കാർതന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനാൽ അനുരഞ്ജന നീക്കങ്ങളിലെ ആത്മാർഥത ചോദ്യംചെയ്യപ്പെടുകയാണ്‌. Read on deshabhimani.com

Related News