ഹോണ്ടുറാസും ഇടത്തേക്ക്; സോഷ്യലിസ്റ്റ് നേതാവ് ഷിയോമാറ കാസ്‌ട്രോ പ്രസിഡന്റ്

Photo Credit: Facebook/Xiomara Castro De Zelaya


ടെഗൂസിഗല്‍പ > ഹോണ്ടുറാസ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉജ്വല വിജയം. ഇടതുപക്ഷ- സോഷ്യലിസ്റ്റ് പാര്‍ടിയായ ലിബറേഷന്‍ പാര്‍ടിയുടെ നേതാവായ ഷിയോമാറ കാസ്‌ട്രോ രാജ്യത്തിന്റെ പ്രസിഡന്റാകും. 12 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ടി ഭരണം അവസാനിപ്പിച്ചാണ് ഇടതുപക്ഷത്തിന്റെ ജയം. അമേരിക്കന്‍ പിന്തുണയോടെ 2009ലാണ് ഹോണ്ടുറാസിലെ ഭരണം അട്ടിമറിക്കപ്പെട്ടത്. ഷിയോമാറയുടെ ഭര്‍ത്താവ് മാനുവല്‍ സെലയ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. ഷിയോമാറയുടെ ജയത്തോടെ ഹോണ്ടുറാസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റാകുമെന്ന പ്രത്യേകതയുമുണ്ട്. സ്വവര്‍ഗാനുരാഗം നിയമപരമാക്കും, ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ ലഘൂകരിക്കും തുടങ്ങി പുരോമഗനപരമായ നയങ്ങള്‍ നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍തന്നെ ഷിയോമാറ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ചൈനയുമായുള്ള ഹോണ്ടുറാസിന്റെ ബന്ധം പുനസ്ഥാപിക്കുമെന്നുള്ളതും ലിബറേഷന്‍ പാര്‍ടിയുടെ നയമാണ്. 12 വര്‍ഷത്തെ കണ്ണീരും വേദനയും സന്തോഷമാക്കി മാറ്റുന്ന നിമിഷമാണിതെന്ന് ഷിയോമാറ പ്രതികരിച്ചു.  രക്തസാക്ഷികളുടെ ത്യാഗം വെറുതെയായില്ല. വിവേചനമോ വിഭാഗീയതയോ ഇല്ലാതെ എല്ലാ മേഖലകളുമായും സംവാദത്തിലൂടെ സമൃദ്ധിയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും യുഗം ആരംഭിക്കും.- ഷിയോമാറ പറഞ്ഞു. ഹ്യൂഗോ ഷാവേസിന്റെയും ഇവൊ മൊറാലസിന്റെയും ലുല ഡ സില്‍വയുടെയും നേതൃത്വത്തിലുള്ള സാമ്രാജ്യത്വ വിരുദ്ധ ചേരിയില്‍ ഹോണ്ടുറാസ് ചേര്‍ന്നതോടെയാണ് 2009ല്‍ അമേരിക്ക അട്ടിമറി ശ്രമങ്ങള്‍ ആരംഭിച്ചത്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ സോഷ്യലിസ്റ്റ് ചേരി (ആല്‍ബ)യില്‍ ഹോണ്ടുറാസ് ചേരുന്നത് അമേരിക്ക വിലക്കിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ പിന്തുണയോടെയുള്ള അട്ടിമറിക്ക് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ടി അധികാരത്തിലെത്തിയത്. പിന്നീട് ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് ലിബറേഷന്‍ പാര്‍ടിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. വന്‍വിജയം നേടിയ ലിബറേഷന്‍ പാര്‍ടിയെയും ഷിയോമാറയെയും ലാറ്റിന്‍ അമേരിക്കന്‍ ഇടത് നേതാക്കള്‍ അഭിനന്ദിച്ചു. Read on deshabhimani.com

Related News