ചിലിയിൽ വീണ്ടും ചുവപ്പുകാലം; 35കാരൻ ഗബ്രിയേല്‍ ബോറിക് പുതിയ പ്രസിഡന്റ്

ഗബ്രിയേല്‍ ബോറിക്ക്‌


സാന്റിയാഗോ > ചിലിയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ്‌ ഗബ്രിയേല്‍ ബോറിക്കിന് ഉജ്വല വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഇതുവരെയുള്ള കണക്ക്‌ പ്രകാരം ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളും ലഭിച്ചു. വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ്‌ ഗബ്രിയേല്‍ ബോറിക്ക്‌. സിഐഎ അട്ടിമറിയിലൂടെ മാർക്‌സിസ്റ്റ് പ്രസിഡന്റ് സാൽവഡോർ അലൻഡെയെ പുറത്താക്കി 48 വർഷങ്ങൾ പിന്നിടുമ്പോഴാണ്‌ ഈ ഇടതുപക്ഷ വിജയം. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. ആദ്യമായാണ് പാര്‍ട്ടി ചിലിയില്‍ അധികാരത്തിലെത്തുന്നത്. 2019 -20 കാലത്ത്‌ ചിലിയെ പിടിച്ചുകുലുക്കിയ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ  നേതാവാണ്‌ ബോറിക്‌. അസമത്വങ്ങൾക്കും അഴിമതിക്കുമെതിരെയായിരുന്നു പ്രക്ഷോഭങ്ങൾ. സാമ്പത്തിക അസമത്വങ്ങളടക്കം ഇല്ലാതാക്കാൻ പെൻഷൻ, ആരോഗ്യമേഖല, ജോലി സമയം എന്നിവിടങ്ങളിൽ പരിഷ്‌കാരം കൊണ്ടുവരുമെന്നായിരുന്നു ബോറികിന്റെ വാഗ്‌ദാനം. യു.എൻ കണക്കുപ്രകാരം രാജ്യത്തിന്റെ 25 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകൾ മാത്രം കയ്യടക്കിവച്ചിരിക്കുന്ന രാജ്യമാണ്‌ ചിലി. 2019 ൽ മെട്രോ നിരക്ക് വർധനയ്‌ക്കെതിരെയാണ് തുടങ്ങിയ പ്രക്ഷോഭമാണ്‌ ഒടുവിൽ ചിലിയിൽ വർഷങ്ങൾക്ക്‌ ശേഷം ഇടതുപക്ഷക്കാരനായ പ്രസിഡന്റിനെ സമ്മാനിച്ചത്‌. ഞായറാഴ്‌ച‌യായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നിരവധി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അടുത്തിടെ സാക്ഷ്യം വഹിച്ച ചിലിയില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ തെരഞ്ഞെടുപ്പ്. സെബാസ്റ്റ്യന്‍ പിനേര ആണ് നിലവില്‍ ചിലിയുടെ പ്രസിഡന്റ്. ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ‘നാഷണല്‍ റിന്യൂവല്‍ പാര്‍ട്ടി’ അംഗമായ പിനേര 2018 മുതല്‍ പ്രസിഡന്റ് സ്ഥാനത്തുണ്ട്. ലാറ്റിനമേരിക്കയിൽ ആദ്യമായി നവ ലിബറൽനയങ്ങളെ പുൽകിയ രാജ്യമായിരുന്നു ചിലി. 1973 സപ്‌തംബർ 11നാണ് പിനൊഷെയുടെ വലതുപക്ഷപട്ടാളം ഇടതുപക്ഷക്കാരനായ ചിലിയൻ പ്രസിഡൻ്റ് അലൻഡെയെ വെടിയുണ്ടകളുതിർത്തു കൊലപ്പെടുത്തുന്നത്. നിയോലിബറൽ നയങ്ങളെന്ന് വിവക്ഷിക്കുന്ന കടുത്ത മുതലാളിത്ത നയങ്ങളുടെ പരീക്ഷണ ഭൂമിയാക്കി ചിലിയെ മാറ്റിയത് സോഷ്യലിസ്റ്റു നടപടികളിലൂടെ ലാറ്റിനമേരിക്കയിൽ അമേരിക്കൻ മൂലധന താൽപര്യങ്ങൾക്ക് വെല്ലുവിളിയുയർത്തിയ അലൻഡെയുടെയും കമ്യൂണിസ്റ്റുകാരുടെയും കൂട്ടക്കൊലകൾക്കും അട്ടിമറിക്കും ശേഷമായിരുന്നു. Read on deshabhimani.com

Related News