കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക് വീണ്ടും നീട്ടി



മനാമ > കോവിഡ് വ്യാപനം തടയാനായി വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടി. യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തി വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക 68ആയി ഉയർത്തി. സ്വദേശി യാത്രക്കാർക്ക്‌ മാത്രം പ്രവേശനം അനുവദിക്കും. ഇവർക്കും സമ്പര്‍ക്കവിലക്ക് നിർബന്ധമാക്കി. ഞായറാഴ്ചമുതൽ പ്രവാസികളെ പ്രവേശിപ്പിക്കുമെന്ന് വെള്ളിയാഴ്ച സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ, നിരോധനം തീരാൻ രണ്ട് മണിക്കൂർശേഷിക്കെ ശനിയാഴ്ച രാത്രി പ്രവേശന വിലക്ക് ദീർഘിപ്പിച്ചതായി ട്വിറ്ററിലൂടെയാണ്‌ അതോറിറ്റി അറിയിച്ചത്‌. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അടിയന്തര തീരുമാനം. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ ഫെബ്രുവരി ഏഴുമുതലാണ് പ്രവാസികൾക്ക് രണ്ടാഴ്ചത്തേക്ക് പ്രവേശനം നിരോധിച്ചത്.  ഉയർന്ന അപകട സാധ്യതയുള്ള വിഭാഗത്തിൽപെടുന്ന ഇന്ത്യയടക്കം 35 രാജ്യക്കാർക്കായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്‌. ‌ പ്രവേശനവിലക്ക്‌ ദിർഘിപ്പിക്കുന്നതിനൊപ്പമാണ്‌ രാജ്യങ്ങളുടെ എണ്ണവും വർധിപ്പിച്ചത്‌. വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് യുഎഇ, തുർക്കി എന്നിവ വഴിയായിരുന്നു മലയാളികളടക്കമുള്ള പ്രവാസികൾ കുവൈത്തിൽ വന്നിരുന്നത്. യുഎഇയും പട്ടികയിലുൾപ്പെട്ടതോടെ ആ വഴിയും അടഞ്ഞു. വിസ പുതുക്കാൻ അടിയന്തരമായി കുവൈത്തിൽ എത്തേണ്ടവരും അനിശ്ചിതത്വത്തിലാണ്‌. Read on deshabhimani.com

Related News