കാബൂൾ വിമാനത്താവളത്തിനുസമീപം സ്ഫോടനം; റോക്കറ്റ് ആക്രമണത്തിൽ കുട്ടി കൊല്ലപ്പെട്ടു

Photo: twitter/KyleJGlen


കാബൂൾ > അഫ്‌ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ അവസാന മണിക്കൂറിലേക്ക്‌ കടന്നിരിക്കേ, കാബൂൾ  അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ സമീപം വീണ്ടും സ്ഫോടനം. ഐഎസ്‌കെയുടെ ഒന്നിലധികം ചാവേറുകളുമായി വന്ന വാഹനത്തിനുനേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായി യുഎസ്‌ സെൻട്രൽ കമാൻഡ്‌ വക്താവ്‌ ക്യാപ്റ്റൻ വില്യം അർബൻ പറഞ്ഞു. അഫ്‌ഗാനിസ്ഥാന്‌ പുറത്തുനിന്ന്‌ നിയന്ത്രിച്ച മിസൈൽ ആക്രമണമാണ്‌ നടത്തിയത്‌. ആക്രമണത്തിന്റെ ഫലമായി ഉണ്ടായ തുടർസ്‌ഫോടനങ്ങൾ ചാവേറുകളുടെ വാഹനത്തിൽ മാരകശേഷിയുള്ള സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ്‌ വ്യോമാക്രമണം താലിബാൻ വക്താവ്‌ സബിബുള്ള മുജാഹിദും സ്ഥിരീകരിച്ചു. ആക്രമണത്തിൽ മൂന്ന്‌ കുട്ടികൾകൂടി മരിച്ചതായി അഫ്‌ഗാൻ അധികൃതർ പറഞ്ഞു. കാബൂൾ വിമാനത്താവളത്തിനുസമീപം 182 പേരെ കൊന്ന ഐഎസ്‌കെ ആക്രമണത്തിനുശേഷം അമേരിക്കയുടെ രണ്ടാമത്തെ പ്രത്യാക്രമണമാണിത്‌. ശനിയാഴ്ച നാൻഗർഹാർ പ്രവിശ്യയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കാബൂൾ ആക്രമണ ‘സൂത്രധാരൻ’ കൊല്ലപ്പെട്ടിരുന്നു. വിമാനത്താവളത്തിൽ കൂടുതൽ ആക്രമണങ്ങൾക്ക്‌  സാധ്യതയുണ്ടെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. വിമാനത്താവളത്തിനുസമീപം ഖുവ്‌ജ ബഗ്ര പ്രദേശത്തെ കെട്ടിടത്തിലേക്കുണ്ടായ റോക്കറ്റ്‌ ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതിന്‌ അമേരിക്കൻ വ്യോമാക്രമണവുമായി ബന്ധമുണ്ടോ എന്നും വ്യക്തമല്ല. ഇതിനിടെ കാബൂളിന്‌ 100 കിലോമീറ്റർ വടക്ക്‌ ബഗ്‌ലാൻ പ്രവിശ്യയിലെ അന്ദ്രാബി താഴ്‌വരയിൽ വെള്ളിയാഴ്ച അഫ്‌ഗാൻ ഗായകൻ ഫവാദ്‌ അന്ദ്രാബിയെ താലിബാൻകാരൻ വീട്ടിൽനിന്ന്‌ വിളിച്ചുകൊണ്ടുപോയി വെടിവച്ച്‌ കൊന്നു. Read on deshabhimani.com

Related News