തിരിച്ചടിക്കുമെന്ന് അമേരിക്ക; മരിച്ചത് 13 യുഎസ് സൈനികര്‍ അടക്കം 110 പേര്‍



കാബൂൾ > അഫ്​ഗാനില്‍ നിസ്സഹായരായ അഭയാര്‍ഥികളെയും യുഎസ് പട്ടാളക്കാരെയും കൂട്ടക്കുരുതി നടത്തിയവര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്ക. ജീവന്‍വെടിഞ്ഞ അമേരിക്കന്‍ പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ചാവേറാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകമായ ഐഎസ് ഖൊറാസനെ (ഐഎസ്-കെ) ശക്തമായി നേരിടുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ രക്ഷാസമിതി അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ഥിച്ചു. ഭീകരാക്രമണത്തില്‍ 13 യുഎസ് സൈനികർ അടക്കം 110 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 175ൽ അധികം പേർക്ക് പരിക്കേറ്റു. താലിബാന്‍കാരും കൊല്ലപ്പെട്ടു. ഇരട്ട ചാവേര്‍ സ്ഫോടനം ഉണ്ടായില്ലെന്നും യുഎസ് സൈന്യം സ്ഥിരീകരിച്ചു. വിമാനത്താവളത്തിനു പുറത്തുമാത്രമാണ് സ്ഫോടനം ഉണ്ടായത്. സമീപത്ത് ഹോട്ടലിനു മുന്നില്‍ സ്ഫോടനം ഉണ്ടായിട്ടില്ല. ഒറ്റ ചാവേര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും യുഎസ് ആര്‍മി മേജര്‍ ജനറല്‍ വില്യം ടൈലര്‍ പറഞ്ഞു. അമേരിക്കൻ സൈനികരെയും പരിഭാഷകരെയും പാശ്ചാത്യരെ സഹായിച്ചവരെയും ലക്ഷ്യമിട്ടാണ് ചാവേറാക്രമണം നടത്തിയതെന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഔദ്യോ​ഗികമായി ഏറ്റെടുത്ത് ഐഎസ് ഖൊറാസൻ (ഐഎസ്-കെ)  പ്രസ്താവന ഇറക്കി. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ കാബൂള്‍ വിമാനത്താവള പരിസരത്ത് ഇനിയും ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ നടപടിയുടെ അവസാനഘട്ടത്തിന് തുടക്കമായി. അർഹരായ എല്ലാവരെയും എത്രയുംവേ​ഗം പുറത്തെത്തിച്ച് 31നുള്ളില്‍ സൈന്യത്തെ പിൻവലിക്കുമെന്നും ബൈഡൻ അറിയിച്ചു. അമേരിക്ക ഇതുവരെ കാബൂളില്‍നിന്ന് ലക്ഷംപേരെ പുറത്തെത്തിച്ചു. പതിനായിരക്കണക്കിനാളുകള്‍ ഇനിയും കാത്തുനില്‍ക്കുന്നു. സുരക്ഷാ ഭീഷണിയെത്തുടർന്ന് നിരവധി രാജ്യങ്ങൾ രക്ഷാദൗത്യം അവസാനിപ്പിച്ച്‌ മടങ്ങി.  രാജ്യത്ത് സംഘര്‍ഷസാഹചര്യം തുടര്‍ന്നാല്‍ അഞ്ചുലക്ഷത്തോളം പേര്‍ അഫ്​ഗാനില്‍നിന്ന്‌ പലായനം ചെയ്തേക്കുമെന്ന് യുഎന്‍ കുടിയേറ്റകാര്യ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. അയല്‍ രാജ്യങ്ങളോട് അതിര്‍ത്തികള്‍ തുറക്കാനും അഭ്യര്‍ഥിച്ചു. Read on deshabhimani.com

Related News