കര്‍ഷകപ്രക്ഷോഭകര്‍ക്ക് ആ​ഗോള പിന്തുണയേറി ; ഐക്യദാർഢ്യവുമായി ക്യാനഡ പ്രധാനമന്ത്രി

photo credit 2017 Canada Summer Games


ന്യൂഡൽഹി > ഇന്ത്യന്‍ കർഷകപ്രക്ഷോഭത്തിന്‌ ശക്തമായ പിന്തുണയുമായി ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.  ‘‘ഇന്ത്യയിലെ‌ സ്ഥിതി ആശങ്കാജനകമാണ്‌. ഇന്ത്യയിലുള്ള സുഹൃത്തുക്കളെയുംകുടുംബങ്ങളെയും ഓർത്ത്‌ എല്ലാവർക്കും ആശങ്കയുണ്ട്‌. പല മാർഗങ്ങളിലൂടെ ക്യാനഡയുടെ ആശങ്ക ഇന്ത്യയെ അറിയിച്ചു‌. സമാധാനപൂർവം പ്രതിഷേധിക്കുന്നവരുടെ അവകാശം സംരക്ഷിക്കാൻ ക്യാനഡ മുന്നിലുണ്ടാകും. ചർച്ചകളില്‍ വിശ്വസിക്കുന്നവരാണ്‌ നമ്മൾ. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട അവസരമാണിത്‌’’–- ഗുരുനാനാക്ക്‌ ജയന്തി ദിവസം ക്യാനഡയിലെ പഞ്ചാബിസമൂഹത്തെ അഭിസംബോധന ചെയ്യവെ‌ അദ്ദേഹം പറഞ്ഞു. കര്‍ഷകരെ നിഷ്‌ഠുരമായി അടിച്ചമർത്തുന്നുവെന്ന റിപ്പോർട്ട് അസ്വസ്ഥപ്പെടുത്തുന്നതായി ക്യാനഡ പ്രതിരോധമന്ത്രി ഹർജിത്‌ സജ്ജൻ പ്രതികരിച്ചു. സര്‍ക്കാര്‍ ചർച്ച സന്നദ്ധമാകണമെന്ന്  ക്യാനഡ ന്യൂ ഡെമോക്രാറ്റിക്‌ പാർടി നേതാവ്‌ ജഗ്‌മീത്‌സിങ്‌ ആവശ്യപ്പെട്ടു. ഇന്ത്യ സർക്കാരിന്റെ നടപടി ഞെട്ടിച്ചെന്ന് ക്യാനഡ സെന്റ്‌ജോൺസ്‌ ഈസ്റ്റ്‌ എംപി ജാക്ക്‌ ഹാരീസ്,ബ്രാംപ്‌റ്റൺ ഈസ്റ്റ്‌ പ്രൊവിൻഷ്യൽ പാർലമെന്റ്‌ അംഗം ഗുർരത്തൻസിങ്,  കാൽഗറി ഫോറസ്റ്റ്‌ ലോൺ എംപി ജസ്‌രാജ്‌സിങ്‌ ഹല്ലൻ, ബ്രാംപ്‌റ്റൺ നോർത്ത്‌ വിൻഷ്യൽ പാർലമെന്റ്‌ അംഗം കെവിൻ യാർഡെ, ഒണ്ടാറിയോ പ്രതിപക്ഷനേതാവ്‌ ആണ്ട്രിയഹോർവാത്ത്‌ തുടങ്ങിയവര്‍ പ്രതികരിച്ചു. പിന്തുണച്ച് യുകെ എംപിമാരും സമാധാനപൂർവം പ്രതിഷേധിക്കുന്ന കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണെന്ന്‌ ബ്രിട്ടനിലെ ലേബർ പാർടി എംപിയും മന്ത്രിയുമായ തൻമൻജിത്‌സിങ്‌ ദേശി പ്രതികരിച്ചു. ലേബർ പാർടി എംപിമാരായ ജോൺ മക്‌ഡോണൽ, പ്രീത്‌കൗർ ഗിൽ തുടങ്ങിയവരും കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം അറിയിച്ചു. Read on deshabhimani.com

Related News