യമനിൽ സൗദിക്ക്‌ പിന്തുണയില്ല ;നയം മാറ്റി ബൈഡൻ



വാഷിങ്‌ടൺ യമനിൽ സൗദി സഖ്യത്തിന്റെ സൈനിക നടപടികൾക്ക്‌ നൽകിവന്ന പിന്തുണ പിൻവലിച്ച്‌ അമേരിക്ക. മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നയങ്ങളിൽ മാറ്റം വരുത്താനുള്ള പ്രസിഡന്റ്‌ ജോ ബൈഡന്റെ തീരുമാനത്തിന്റെ ഭാഗമായാണ്‌ നടപടി. അഞ്ചു വർഷമായി സൗദിയുടെ നേതൃത്വത്തിൽ യെമനിൽ നടക്കുന്ന സൈനിക ആക്രമണം രാജ്യത്തെ ജനങ്ങളുടെ ദുരിതങ്ങൾ വർധിപ്പിച്ചുവെന്ന്‌ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജെയിക്ക്‌ സള്ളിവൻ പറഞ്ഞു. യമനിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടൽ നടത്തുമെന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ ബൈഡൻ പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളിലൂടെ അമേരിക്ക കൂടുതൽ സജീവമായി ഇടപെടാനുണ്ടെന്നാണ്‌ ബൈഡന്റെ നിലപാടെന്നും സള്ളിവൻ പറഞ്ഞു.  യെമനിലേക്ക്‌ യുഎസിന്റെ പ്രത്യേക സംഘത്തിനെ തിമോത്തി ലെൻഡർക്കിങ്‌ നയിക്കും. യുഎസ്‌ ആഭ്യന്തരവകുപ്പിന്റെ മധ്യപൗരസ്‌ത്യ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ലെൻഡർകിങ്‌. തലസ്ഥാനമായ സനാ അടക്കം യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രിക്കുന്ന ഹൂതി വിമതരെ ലക്ഷ്യമിട്ട്‌ 2015ലാണ്‌ സൗദി ആക്രമണം ആരംഭിച്ചത്‌. സൗദിയുടെ വ്യോമാക്രമണത്തിൽ നിരവധി യെമനികളാണ്‌ കൊല്ലപ്പെട്ടത്‌. നാശനഷ്ടങ്ങൾ കുറയ്‌ക്കാനാണ്‌ സഹായം നൽകിയതെന്നാണ്‌ അമേരിക്കൻ നിലപാട്‌. ആദ്യഘട്ടത്തിൽ ഒബാമ സർക്കാരും സൗദിയെ പിന്തുണച്ചിരുന്നു. എന്നാൽ, ഇതിന്റെ ഭാഗമായ ചില ഉദ്യോഗസ്ഥർ തന്നെ ഖേദം പ്രകടിപ്പിച്ചു. യെമനിൽ സൗദി സഖ്യം ഉപയോഗിച്ചത്‌ അമേരിക്കൻ ബോംബുകളാണെന്നതിന്റെ തെളിവുകളും പുറത്തു‌വന്നിരുന്നു. Read on deshabhimani.com

Related News