ആര്‍എസ്എസ് ബന്ധമുള്ളവരെ തഴഞ്ഞ് ബൈഡന്‍



വാഷിങ്ടൺ തെരഞ്ഞെടുപ്പ് പ്രചാരണ ടീമില്‍ ഒപ്പമുണ്ടായിരുന്നവരെ ജോ ബൈഡൻ അധികാരമേറ്റതോടെ സർക്കാർ ചുമതല ഏൽപ്പിച്ചെങ്കിലും ആർഎസ്എസ് -ബിജെപി ബന്ധമുള്ള രണ്ട്‌ ഇന്ത്യൻവംശജരെ തഴഞ്ഞു. പ്രചാരണത്തിന് ചുക്കാൻ പിടിച്ച സോണാൽ ഷാ, അമിത് ജാനി എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. സ്വന്തം ടീമിലെ 13 സ്‌ത്രീകളെ അടക്കം 20 ഇന്ത്യൻ-അമേരിക്കൻ വംശജർക്ക് ഉന്നതസ്ഥാനങ്ങളിലേക്ക് നിയമനം നൽകിയപ്പോഴാണ് ബൈഡൻ ഇവരെ തഴഞ്ഞത്. ബിജെപിയുടെയും ആർഎസ്എസിന്റെയും വിദേശ ഏജന്റുമാർ ഡെമോക്രാറ്റിക് പാർടിയിലുണ്ടെന്നും ഇവരെ പുറത്താക്കണമെന്നും ഡിസംബറിൽ 19 ഇന്ത്യൻ അമേരിക്കൻ സംഘടനകൾ ബൈഡന് കത്തെഴുതി. തീവ്രഹിന്ദുത്വവാദ സംഘടനകളിൽ നിന്നും സോണാൽ ഷായും അമിത് ജാനിയും ഫണ്ട് കൈപ്പറ്റിയെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആർഎസ്എസ് നിയന്ത്രിക്കുന്ന ഏകൽ വിദ്യാലയയുടെ സ്ഥാപകനാണ് സോണാൽ ഷായുടെ പിതാവ്. ബിജെപിയുടെ ഓവർസീസ് ഫ്രണ്ട് എന്ന സംഘടനയുടെ അമേരിക്കയിലെ പ്രസിഡന്റും ആണ്. അമേരിക്കയിലെ വിശ്വഹിന്ദുപരിഷത്തിനായി സോണാൽ ഷാ പണപ്പിരവ് നടത്തിയത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള ബിജെപി നേതാക്കളുമായി അടുത്തബന്ധമുള്ള കുടുംബമാണ് അമിത് ജാനിയുടെത്. മുസ്ലിംവിഭാഗത്തിനായുള്ള ബൈഡന്റെ പ്രചാരണപദ്ധതിയുടെ ചുമതല അമിത് ജാനിയെ ഏൽപ്പിച്ചത് ഏറെ വിവാദമായിരുന്നു. Read on deshabhimani.com

Related News