ഡബ്ല്യുഎച്ച്‌ഒ, കാലാവസ്ഥ: ട്രംപിനെ വെട്ടി ബൈഡൻ



വാഷിങ്‌ടൺ അമേരിക്കയുടെ ഉറ്റ സഖ്യരാജ്യങ്ങൾ പോലും രൂക്ഷമായി വിമർശിച്ച ഡോണൾഡ്‌ ട്രംപിന്റെ രണ്ട്‌ ഉത്തരവുകൾ ആദ്യദിവസം തന്നെ റദ്ദാക്കി യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ. അമേരിക്കയെ പാരീസ്‌ കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും ലോകാരോഗ്യ സംഘടനയിൽ(ഡബ്ല്യുഎച്ച്‌ഒ) നിന്നും പിൻവലിച്ച ട്രംപിന്റെ തീരുമാനങ്ങൾ റദ്ദാക്കിയതോടെ യുഎസ്‌ വീണ്ടും അവയുടെ ഭാഗമാകും. ഇവയടക്കം 15 എക്‌സിക്യൂട്ടീവ്‌ ഉത്തരവുകളിലാണ്‌ ബുധനാഴ്‌ച സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ ബൈഡൻ ഒപ്പുവച്ചത്‌. കൂടാതെ രണ്ട്‌ നിർദേശങ്ങളും പുറത്തിറക്കി. എല്ലാ അമേരിക്കക്കാരോടും നൂറ്‌ ദിവസത്തേക്ക്‌ മാസ്‌ക്‌ ധരിക്കാൻ നിർദേശിക്കുന്ന ഉത്തരവാണ്‌ പുതിയ പ്രസിഡന്റ്‌ ആദ്യം ഒപ്പിട്ടത്‌.  യാത്രകളിലും ദേശീയ സർക്കാരിന്റെ വസ്‌തുവകകളിലും മാസ്‌ക്‌ നിർബന്ധമാക്കി. ദേശീയ തലത്തിൽ ഏകീകൃതമായ കോവിഡ്‌ പ്രതിരോധത്തിന്‌ കോഡിനേറ്ററെ നിയമിച്ചു. ചില മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിൽ പ്രവേശിക്കുന്നത്‌ വിലക്കിയ ട്രംപിന്റെ ഉത്തരവും റദ്ദാക്കി. കുടിയേറ്റക്കാരെ തടയാൻ ട്രംപ്‌ നടപ്പാക്കിയ അതിർത്തിമതിൽ നിർമാണത്തിന്‌ പണം നൽകുന്നത്‌ അടിയന്തര പ്രാബല്യത്തോടെ നിർത്തലാക്കി. ഇതു തുടക്കമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഉത്തരവുകളും നിയമനിർമാണങ്ങളും ഉണ്ടാകുമെന്നും ബൈഡൻ വ്യക്തമാക്കി. Read on deshabhimani.com

Related News