ബ്രസീൽ കലാപശ്രമം: ബോൾസനാരോയ്‌ക്കെതിരെ അന്വേഷണം



ബ്രസീലിയ> ബ്രസീലിൽ കലാപത്തിലൂടെ ഭരണ അട്ടിമറിക്ക്‌ ശ്രമിച്ച കേസിൽ മുൻ പ്രസിഡന്റ് ബോൾസനാരോയ്‌ക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി. കലാപത്തിനു പിന്നിൽ ബോൾസനാരോയുടെ പ്രേരണയുണ്ടെന്ന സർക്കാർ വാദം അംഗീകരിച്ചാണ്‌ സുപ്രീംകോടതി ഉത്തരവ്. ജനാധിപത്യ വ്യവസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയെ ഗൗരവമായാണ്‌ കാണുന്നതെന്ന്‌ ജഡ്‌ജ്‌ അലക്‌സാണ്ടർ ഡി മൊറെയ്‌സ്‌ വ്യക്തമാക്കി. കലാപത്തിന്‌ രണ്ടുദിവസത്തിനുശേഷം ബോൾസനാരോ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച്‌ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. തെരഞ്ഞെടുപ്പ്‌ വിധി ചോദ്യം ചെയ്‌ത്‌ ബോൾസനാരോ നൽകിയ ഹർജി നേരത്തേ കോടതി പിഴ സഹിതം തള്ളിയിരുന്നു. ലുലയെ തെരഞ്ഞെടുത്തത്‌ സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് അതോറിറ്റിയുമാണെന്നും, വോട്ടിങ്ങിലൂടെ അല്ലെന്നുമായിരുന്നു ബോള്‍സനാരോയുടെ ആരോപണം.  ഫലം വന്നതിനു പിന്നാലെ അമേരിക്കയിലേക്ക് പോയ ബോൾസനാരോ ഭരണക്കൈമാറ്റത്തിന്‌ തയ്യാറായിരുന്നില്ല.  ലുലയ്ക്ക് അധികാരം കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാതെ ഡിസംബര്‍ അവസാനത്തോടെ ബോൾസനാരോ വീണ്ടും അമേരിക്കയിലേക്ക് പോയി. തീവ്ര വലതുപക്ഷക്കാരായ ആയിരക്കണക്കിന് ബോള്‍സനാരോ അനുയായികളാണ് ജനുവരി എട്ടിന് ബ്രസീൽ കോൺഗ്രസിലും സുപ്രീംകോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും ആക്രമണം നടത്തിയത്. Read on deshabhimani.com

Related News