ഇറാഖ്‌ പാർലമെന്റ് പ്രതിഷേധക്കാർ വീണ്ടും കൈയേറി



ബാഗ്‌ദാദ്‌ > ഇറാഖ്‌ പാർലമെന്റിലേക്ക്‌ വീണ്ടും ഇരച്ചുകയറി പ്രതിഷേധക്കാർ. ഒരാഴ്‌ചയ്‌ക്കിടെ ഇത്‌ രണ്ടാം തവണയാണ്‌ പ്രക്ഷോഭകർ പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ അതിക്രമിച്ചു കയറുന്നത്‌. ഷിയ നേതാവ് മുഖ്തദ അൽ സദ്റിന്റെ ആയിരക്കണക്കിന്‌ അനുയായികളാണ്‌ പ്രതിഷേധവുമായി പാർലമെന്റിലെത്തിയത്‌. മുൻ മന്ത്രി മുഹമ്മദ് ഷിയ അൽസുദാനിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനെതിരായാണ്‌ പ്രക്ഷോഭം. മുഹമ്മദ് ഷിയ അൽസുദാനി ഇറാൻ അനുകൂലിയാണെന്ന് ആരോപിച്ചാണ്‌ സമരം. ഫെഡറല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് 10 മാസമായെങ്കിലും ഒരു സര്‍ക്കാരിനും അധികാരമേറാന്‍ കഴിയാത്തരീതിയില്‍ ഭരണപ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ്‌ ഒരുവിഭാഗം പാര്‍ലമെന്റ്‌ കൈയേറിയത്‌. പ്രതിഷേധക്കാർക്കെതിരെ ഇറാഖി സുരക്ഷാസേന കണ്ണീർ വാതകം പ്രയോഗിച്ചു. സുരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ 125 പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ തകര്‍ത്താണ് പ്രക്ഷോഭകര്‍  പാർലമെന്റിനകത്ത്‌ പ്രവേശിച്ചത്. ഇനിയൊരു അറിയിപ്പുുണ്ടാകുംവരെ പാര്‍ലമെന്റ് വിട്ടിറങ്ങില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. ശനിയാഴ്ച പാർലമെന്റ് സമ്മേളനം പ്രഖ്യാപിച്ചിരുന്നെങ്കിലും ചേർന്നില്ല. പ്രക്ഷോഭകര്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കാന്‍ നിലവിലെ പ്രധാനമന്ത്രി മുസ്‌തഫ അല്‍കാദിമിനി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പില്‍ മുഖ്തദ അൽ സദ്റിന്റെ കക്ഷിയ്ക്കാണ് ഏറ്റവും കൂടുതല്‍ സീറ്റ്. എന്നാല്‍ കേവല ഭൂരിപക്ഷം നേടാനായില്ല. പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. സമവായത്തില്‍ എത്താനാവാതെ വന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ നിന്നും  മുഖ്തദ അൽ സദ്റിന്റെ  മുന്നണി ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. Read on deshabhimani.com

Related News