ഹിജാബ്‌ വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കി



തെഹ്‌റാൻ> ഹിജാബ്‌ അടിച്ചേൽപ്പിക്കൽ വിരുദ്ധ പ്രക്ഷോഭം ശക്തമായിരിക്കെ മതകാര്യ പൊലീസ്‌ സംവിധാനം നിർത്തലാക്കി ഇറാൻ. മതകാര്യ പൊലീസിന്‌ ഇറാൻ നിയമസംവിധാനത്തിൽ പ്രസക്തിയില്ലെന്നും അത്‌ നിർത്തലാക്കുകയാണെന്നും അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി പറഞ്ഞതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഞായറാഴ്‌ച മതസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലമറയ്ക്കാത്തതിന്റെ പേരില്‍ മതകാര്യ പൊലീസ്‌ കസ്‌റ്റഡിയിലെയടുത്ത മഹ്‌സ അമിനി (22) എന്ന കുർദിഷ്‌ യുവതി കൊല്ലപ്പെട്ടതിനെത്തുടർന്നാണ്‌ ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്‌. അർധസൈനികരെയടക്കം നിയോഗിച്ച്‌ സർക്കാർ സമരത്തെ നേരിട്ടെങ്കിലും പ്രക്ഷോഭകർ പിന്മാറിയില്ല. പ്രക്ഷോഭത്തിൽ ഇതുവരെ നാനൂറിലേറെപേർ കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. ഖത്തർ ലോകകപ്പ്‌ ഫുട്‌ബോൾ മത്സര വേളയിൽ ദേശീയഗാനം ആലപിച്ചപ്പോൾ ഇറാൻ ടീം നിശബ്ദത പാലിച്ച്‌ പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. മഹ്‌മൂദ്‌ അഹ്‌മദി നെജാദ്‌ പ്രസിഡന്റായിരുന്ന കാലത്താണ്‌ മതകാര്യ പൊലീസ്‌ സ്ഥാപിച്ചത്‌. 2006 മുതൽ ഈ വിഭാഗം പട്രോളിങ്‌ നടത്തുന്നുണ്ട്‌. അതിനാണ്‌ അവസാനമാകുന്നത്‌. എന്നാൽ, സ്ത്രീകൾ തല മറയ്‌ക്കണമെന്ന നിയമത്തിൽ മാറ്റം വരുന്നതിൽ തീരുമാനമായിട്ടില്ല. നിയമം മാറ്റുന്നതിനെക്കുറിച്ച്‌ പാർലമെന്റും ജുഡീഷ്യറിയും ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്ന്‌ കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ പറഞ്ഞിരുന്നു. Read on deshabhimani.com

Related News