ഇന്തോനേഷ്യയിൽ ഫുട്ബോള്‍​ ​മൈതാനത്ത് കൂട്ടയടി ; 125 മരണം



ജക്കാര്‍ത്ത ഇന്തോനേഷ്യയിൽ ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും തിരക്കിലും പെട്ട് 125 പേര്‍ മരിച്ചു. ശനി രാത്രി മലങ്ക് ന​ഗരത്തിലെ കാഞ്ചുറൂഹാൻ സ്റ്റേഡിയത്തിലുണ്ടായ ​ദുരന്തത്തില്‍ നൂറ്റിഎൺപതോളം പേര്‍ക്ക് പരിക്കേറ്റു. മത്സരത്തില്‍ ആതിഥേയ ടീമായ എഫ്സി അരേമ പെര്‍സെബയ സുരബയയോട് രണ്ടിനെതിരെ മൂന്നു ​ഗോളിന്‌ തോറ്റതില്‍ പ്രതിഷേധിച്ച് ആരാധകര്‍ ​ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. തടയാൻ ശ്രമിച്ച രണ്ട്‌ പൊലീസുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ കണ്ണീർവാതക പ്രയോഗമാണ് മരണനിരക്ക് ഉയരാന്‍ കാരണമായത്. തിക്കിലും തിരക്കിലും ശ്വാസംമുട്ടിയാണ് കൂടുതല്‍പേരും മരിച്ചത്. അഞ്ചുവയസുള്ള കുട്ടിയടക്കം കൊല്ലപ്പെട്ടു. സ്റ്റേഡിയത്തിന്റെ ആകെശേഷിയായ 42,000ല്‍ മൊത്തം ടിക്കറ്റും വിറ്റുപോയി. മൂവായിരത്തോളം പേര്‍ ​ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയെന്ന് പൊലീസ് പറഞ്ഞു. ​മത്സരത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ ഇന്തോനേഷ്യയില്‍ പതിവായതിനാല്‍ എതിര്‍ടീമായ പെര്‍സെബയ സുരബയയുടെ ആരാധകരെ ടിക്കറ്റ് എടുക്കാന്‍ സംഘാടകരായ എഫ്സി അരേമ  അനുവദിച്ചിരുന്നില്ല. ഇന്തോനേഷ്യന്‍ ടോപ് ലീ​ഗ് ബിആര്‍ഐ ലി​ഗ 1 മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് റദ്ദാക്കിയതായി ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. കൂടാതെ, സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ അരേമ എഫ്സിയെ വിലക്കി. Read on deshabhimani.com

Related News