ഇന്ത്യയിലെ മതസ്‌പർധയിൽ ആശങ്ക: യുഎസ്‌



വാഷിങ്‌ടൺ> ഇന്ത്യയിൽ വിവിധ മതവിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും വിവിധ വിഭാഗങ്ങൾ തമ്മിൽ സൗഹാർദം ഉറപ്പാക്കുന്നതും സംബന്ധിച്ച്‌ അമേരിക്ക നിരന്തരം ഇന്ത്യയുമായി ചർച്ചചെയ്ത്‌ വരികയാണെന്നും ആഗോള മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കൻ സ്ഥാനപതിയും ഇന്ത്യൻ വംശജനുമായ റാഷദ്‌ ഹുസൈൻ പറഞ്ഞു. വ്യാഴാഴ്ച വാഷിങ്‌ടണിൽ നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സർക്കാർ പൗരത്വനിയമം പാസാക്കി. വംശഹത്യ ചെയ്യാൻ പരസ്യ ആഹ്വാനമുണ്ടാകുന്നു. ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നു. ഹിജാബ്‌ നിരോധിച്ചു. വീടുകൾ ഇടിച്ചുനിരത്തപ്പെട്ടു. ഒരു മന്ത്രി മുസ്ലിങ്ങളെ ചിതലുകൾ എന്ന്‌ വിളിച്ചു. വെല്ലുവിളികൾ മനസ്സിലാക്കി അവ പരിഹരിക്കാനായി ശ്രമിക്കേണ്ട സമയമാണ്‌’–- റാഷദ്‌ പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യൻ, സിഖ്‌, ദളിത്‌, ആദിവാസി വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News