ഇന്ത്യ -യുഎഇ വാണിജ്യ കരാർ നിലവിൽ വന്നു



ദുബായ്> ഇന്ത്യ- യുഎഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി ഐ പി എ) നിലവിൽ വന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കും പുതിയ കരാർ. മാർച്ചിൽ ഒപ്പുവെച്ച കരാറാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാക്കപ്പെടുന്നതിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരരംഗം പുതിയ ഉണർവിന് സാക്ഷ്യം വഹിക്കും. കരാർ മൂലം ഇന്ത്യയിലെ ധാരാളം ഉൽപ്പന്നങ്ങൾ യുഎഇയിൽ ലാഭകരമായി എത്തിക്കാനും അതുവഴി വിലയിൽ ഗണ്യമായ കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഇറക്കുമതിചെയ്യുന്ന മൊബൈൽഫോൺ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, ആഭരണം,  കായിക ഉപകരണങ്ങൾ, മരുന്ന്, കാർഷിക ഉൽപ്പന്നങ്ങൾ, മത്സ്യം തുടങ്ങിയവയ്ക്കെല്ലാം അഞ്ച് ശതമാനം നികുതിഇളവ് ലഭിക്കും. യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴം, പെട്രോളിയം ഉൽപ്പന്നങ്ങൾ, പെട്രോകെമിക്കൽസ് അലുമിനിയം ഇരുമ്പ് നിക്കൽ കോപ്പർ സ്റ്റീൽ സിമൻറ്  എന്നിവയ്ക്കും ഈ ഇളവു ലഭിക്കും. പകുതിയിലേറെ ഉൽപ്പന്നങ്ങൾക്ക് ഇങ്ങനെ നികുതിയിളവു ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.  വൈകാതെ മിക്കവാറും ഉൽപന്നങ്ങളെ കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായി ഒഴിവാക്കുവാനാണ് അധികാരികൾ ആലോചിക്കുന്നത്. Read on deshabhimani.com

Related News