കാലങ്ങളായുള്ള നയം കാറ്റിൽപ്പറത്തി ; യുഎന്നിൽ ഇന്ത്യയുടെ വോട്ട‌് ഇസ്രയേലിന‌്



ഐ‌ക്യരാഷ‌്ട്ര കേന്ദ്രം > പലസ‌്തീൻ വിഷയത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന നയം കാറ്റിൽപ്പറത്തി ഐക്യരാഷ‌്ട്രസഭയിൽ ഇന്ത്യ ഇസ്രയേലിന‌് അനുകൂലമായി വോട്ടുചെയ‌്തു. പലസ‌്തീൻ മനുഷ്യാവകാശ സംഘടനയായ ഷഹേദിന‌് യുഎൻ സാമ്പത്തിക സാമൂഹ്യ കൗൺസിലിൽ (ഇസിഒഎസ‌്ഒസി) നിരീക്ഷക പദവി നിഷേധിക്കാനായിരുന്നു വോട്ട‌്. കൗൺസിലിലെ 48 അംഗരാജ്യങ്ങളിൽ 28 എണ്ണം നിരീക്ഷകപദവിയെ എതിർത്ത‌് ഇസ്രയേൽ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക, ഫ്രാൻസ‌്, ജർമനി, ജപ്പാൻ, ബ്രിട്ടൻ, ദക്ഷിണകൊറിയ, ക്യാനഡ തുടങ്ങിയ രാജ്യങ്ങൾ  ഇസ്രയേലിനൊപ്പംനിന്നു. എന്നാൽ, ചൈന, റഷ്യ, വെനസ്വേല, സൗദി അറേബ്യ, പാകിസ്ഥാൻ, ഈജിപ‌്ത‌്, ഇറാൻ  തുടങ്ങിയ രാജ്യങ്ങൾ പലസ‌്തീൻ സംഘടനക്ക‌് അനുകൂലമായി വോട്ടുചെയ‌്തു. യുഎന്നിൽ തങ്ങൾക്കൊപ്പം നിന്നതിന‌് മോഡി സർക്കാരിന‌് ഇസ്രയേൽ നന്ദി അറിയിച്ചു. ഏഷ്യ ഗ്രൂപ്പിൽനിന്ന‌് തങ്ങളെ പിന്തുണച്ച ആദ്യ രാജ്യമാണ‌് ഇന്ത്യയെന്നും ഇത‌് നല്ല സൂചനയാണെന്നും ഇന്ത്യയിലെ ഇസ്രയേലി എംബസി ഡെപ്യൂട്ടി ചീഫ‌് മായ കദോഷ‌് ട്വീറ്റ‌്ചെയ‌്തു. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പലസ‌്തീൻ മനുഷ്യാവകാശ സംഘടനയാണ‌് ഷഹേദ‌്. എന്നാൽ, ഗാസയിൽ പലസ‌്തീൻകാരുടെ പോരാട്ടം നയിക്കുന്ന ഹമാസുമായി ബന്ധമുള്ളതിനാൽ ഇത‌് തീവ്രവാദ സംഘടനയാണെന്നാണ‌് ഇസ്രയേലിന്റെ വാദം. ഇസ്രയേലിനൊപ്പം പലസ‌്തീനെയും സ്വതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള ദ്വിരാഷ‌്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ‌് ഇന്ത്യ എക്കാലവും നിലകൊണ്ടത‌്. ഈ നിലപാടിൽനിന്നുള്ള പ്രത്യക്ഷപിന്മാറ്റത്തിന്റെ ആദ്യ ചുവടായാണ‌് ഇപ്പോഴത്തെ നടപടിയെ നയതന്ത്രവൃത്തങ്ങൾ വിലയിരുത്തുന്നത‌്. 1992ൽ നരസിംഹറാവു സർക്കാരിന്റെ കാലത്താണ‌് ഇസ്രയേലുമായി ഇന്ത്യ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത‌്. എങ്കിലും ദ്വിരാഷ‌്ട്ര നിലപാടിൽ ഉറച്ചുനിന്നു. മോഡി അധികാരത്തിലെത്തിയശേഷം ചങ്ങാത്തം ശക്തമാക്കി. 2017ൽ ജൂലൈയിൽ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോഡി. എന്നാൽ, ഇസ്രയേലിനൊപ്പം പലസ‌്തീനും സന്ദർശിക്കുന്ന രീതി പിന്തുടരാൻ അദ്ദേഹം തയ്യാറായതുമില്ല. രാജ‌്നാഥ‌്സിങ്ങും സുഷ‌്മ സ്വരാജും ഉൾപ്പെടെ നിരവധി മന്ത്രിമാരും ഇസ്രയേൽ സന്ദർശിച്ചു. ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ ഇന്ത്യയിലേക്ക‌് ക്ഷണിച്ചുവരുത്താനും മോഡി മറന്നില്ല. ശതകോടികളുടെ ആയുധങ്ങൾ ഇസ്രയേലിൽനിന്നു വാങ്ങാൻ മോഡി അധികാരത്തിലെത്തിയശേഷം കരാർ ഒപ്പിട്ടു. Read on deshabhimani.com

Related News