ഇമ്രാന്‍ഖാന്റെ അറസ്റ്റ്: കലാപ ഭൂമിയായി പാകിസ്ഥാന്‍



ഇസ്ലാമബാദ്> ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് കലാപകലുഷിതമായി പാകിസ്ഥാന്‍. പാക് തെഹരീക് ഇ ഇന്‍സാഫിന്റെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങള്‍ തെരുവിലിറങ്ങി. ഇസ്ലാമാബാദിന് പുറമേ ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലും പ്രതിഷേധം അരങ്ങേറി. റോഡുകള്‍ തടസപ്പെടുത്തിയും കടകള്‍ അടപ്പിച്ചും പ്രതിഷേധം തുടരുകയാണ്. അക്രമാസക്തമായ ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സൈനിക കമാന്‍ഡര്‍മാരുടെ വീടുകള്‍ക്ക് നേരെയും ജനകീയ പ്രതിഷേധം ഉയര്‍ന്നു പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ് നേട്ടമുണ്ടാക്കിയെന്ന തോഷഖാന കേസിലാണ് അറസ്റ്റ് എന്നാണ് സൂചന. എന്നാല്‍, ഇസ്ലാമബാദിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ വഴിയില്‍ തടഞ്ഞുവെന്നതടക്കമുള്ള എഴുപതോളം കേസുകള്‍ ഇമ്രാന് നേരെ ചുമത്തിയിട്ടുള്ളതിനാല്‍ കുരുക്ക് മുറുക്കുകയാണ് ഷഹബാസ് ഷെരീഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സൂചനയുണ്ട്. ഇതിനിടെ ഇസ്ലാമാബാദില്‍ ഇമ്രാന്റെ പാര്‍ട്ടി പാക് തെഹരീക് ഇ ഇന്‍സാഫ് തുടരുന്ന പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും പടര്‍ന്നേക്കും. തലസ്ഥാനത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട് . നഷ്ടപ്പെട്ട പ്രീതി സൈന്യത്തില്‍ നിന്ന് തിരികെ പിടിക്കാനാണ് ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ പ്രകോപന നീക്കം തുടരുന്നത് എന്നാണ് വിമര്‍ശനം ഉയരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാകാനായി ഇമ്രാന്‍ ഇസ്ലാമാബാദിലെത്തിയ തക്കം നോക്കി ലാഹോറിലെ ഇമ്രാന്റെ വസതിയായ സമന്‍പാര്‍ക്കിന് നേരെയും പോലീസ് സംഘത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. ഒരു വശത്തെ മതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറാന്‍ നോക്കിയ പോലീസ് സംഘത്തെ പ്രതിരോധിച്ചത് പാക് തെഹരീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരാണ്. എന്നാല്‍ വീടിനുള്ളില്‍ നടത്തിയ റെയ്ഡിനൊടുവില്‍ നിരവധിഎകെ 47 തോക്കുകളും തിരകളും കണ്ടെടുത്തു എന്നായിരുന്നു പൊലീസ് ഔദ്യോഗിക ഭാഷ്യം. കഴിഞ്ഞ വര്‍ഷം ഹഖീഖി ആസാദി റാലിക്കിടെ ഇമ്രാന്‍ ഖാന് നേരെ വധശ്രമവുമുണ്ടായിരുന്നു. കടുക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്കിടെ ജനങ്ങളുടെ പ്രതിഷേധ ശബ്ദമായി ഇമ്രാന്‍ പട നയിക്കുന്നതിനിടെയാണ് വിലങ്ങണിയിച്ച് ഭരണകൂടത്തിന്റെ പ്രതിരോധം.   Read on deshabhimani.com

Related News