ഐസ്‌ലൻഡ് പാര്‍ലമെന്റിൽ സ്ത്രീകള്‍ക്ക് ഭൂരിപക്ഷമില്ല



റയ്ക്‌ജവിക് ഐസ്‌ലൻഡ് യൂറോപ്പിലെ ആദ്യ സ്ത്രീ ഭൂരിപക്ഷ പാര്‍ലമെന്റാകുമെന്ന പ്രതീക്ഷയ്‌ക്ക് വിരാമം. ഞായറാഴ്ച നടന്ന വോട്ടെണ്ണലിന്റെ പ്രാഥമിക ഫലങ്ങളില്‍ 67 അംഗ പാർലമെന്റിൽ 33 സീറ്റിലും (52 ശതമാനം) വനിതകള്‍ വിജയിച്ചതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, പടിഞ്ഞാറൻ ഐസ്‌ലൻഡിലെ വോട്ടുകള്‍ വീണ്ടും എണ്ണിയതോടെ 30 സീറ്റോടെ 47.6 ശതമാനമായി പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.  പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിറിന്റെ നേതൃത്വത്തിലുള്ള സഖ്യം 37 സീറ്റോടെ മുൻതൂക്കം നേടിയെങ്കിലും ജേക്കബ്സ്ഡോട്ടിറിന്റെ ലെഫ്റ്റ് ഗ്രീൻ മൂവ്‌മെന്റ് പാർടിക്ക് എട്ടു സീറ്റ്‌ മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷികളായ ഇൻഡിപെൻഡൻസ് പാർടി 16-ഉം പ്രോഗ്രസീവ് പാർടി 13-ഉം സീറ്റ്‌ നേടി. അധികാരം പങ്കിടുന്നത് തുടരുമോയെന്ന് സഖ്യകക്ഷികൾ വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ ജേക്കബ്സ്ഡോട്ടിര്‍ വീണ്ടും അധികാരത്തിലെത്തുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.ലോകത്താകെ അഞ്ച് രാജ്യത്തെ പാര്‍ലമെന്റിലാണ് സ്ത്രീഭൂരിപക്ഷമുള്ളത്. റുവാണ്ട 61.3 ശതമാനവും ക്യൂബയില്‍ 53.4 ശതമാനവും നിക്കരാഗ്വയില്‍ 50.6 ശതമാനവും മെക്സിക്കോയിലും യുഎഇയിലും 50 ശതമാനം അം​ഗങ്ങള്‍ സ്ത്രീകള്‍. Read on deshabhimani.com

Related News