ഹോങ്‌കോങ്‌ ദേശീയ സുരക്ഷാ നിയമം ചൈന പാസാക്കി; മുൻകാലത്തെ കുറ്റങ്ങൾക്ക്‌ നിയമം ബാധകമാക്കില്ല



ഹോങ്‌കോങ്‌ ഹോങ്‌കോങ്ങിൽ വിഘടനവാദവും ഭീകരപ്രവർത്തനങ്ങളും വിദേശ ഇടപെടലുകളും തടയുന്നതിന്‌ ചൈന ദേശീയ സുരക്ഷാ നിയമം പാസാക്കി. അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീഷണി അവഗണിച്ചാണ്‌ ചൈന പാർലമെന്റായ പീപ്പിൾസ്‌ കോൺഗ്രസിന്റെ സ്റ്റാൻഡിങ്‌ കമ്മിറ്റി ഏകകണ്ഠമായി നിയമം പാസാക്കിയത്‌. പ്രസിഡന്റ്‌ ഷി ജിൻപിങ്‌ നിയമത്തിൽ ഒപ്പിട്ടു. നിയമത്തിൽ കുറ്റവാളികൾക്ക്‌ വധശിക്ഷ നൽകുന്നത്‌ ഉൾപ്പെടുത്തിയിട്ടില്ലെന്ന്‌ സ്റ്റാൻഡിങ്‌ കമ്മിറ്റിയിലെ ഏക ഹോങ്‌കോങ്‌ പ്രതിനിധി താം യൂചുങ്‌ വ്യക്തമാക്കി. നിയമലംഘകരായ വളരെ ചെറിയ ഒരു ന്യൂനപഷത്തെമാത്രമാണ്‌ നിയമം ലക്ഷ്യമിടുന്നതെന്ന്‌ ഹോങ്‌കോങ്‌ ഭരണാധികാരി കാരി ലാം യുഎൻ മനുഷ്യാവകാശ കൗൺസിലിനെ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. മാത്രമല്ല, മുൻകാലത്തെ കുറ്റങ്ങൾക്ക്‌ നിയമം ബാധകമാക്കില്ല. ഹോങ്‌കോങ്‌ സ്വയംഭരണം സംരക്ഷിക്കാനെന്ന പേരിൽ അമേരിക്കൻ സെനറ്റ്‌ വ്യാഴാഴ്‌ച ചൈനക്കാർക്കെതിരെ ഉപരോധ ഭീഷണിയുമായി ബിൽ പാസാക്കിയിരുന്നു. ചൈന നിയമം പാസാക്കുന്നത്‌ തടയാൻ ലക്ഷ്യമിട്ടുള്ള ഈ ബില്ലിനു പിന്നാലെ ഹോങ്‌കോങ്ങിലേക്ക് ആയുധങ്ങളടക്കമുള്ള പ്രതിരോധ കയറ്റുമതി ട്രംപ്‌ ഭരണകൂടം തിങ്കളാഴ്‌ച നിരോധിക്കുകയും ചെയ്‌തു. കോളനിയായിരുന്ന ഹോങ്‌കോങ്ങിനെ 1997ൽ ബ്രിട്ടൻ ചൈനയ്‌ക്ക്‌ കൈമാറിയശേഷം അനുവദിച്ചിരുന്ന പ്രത്യേക വ്യാപാര ആനുകൂല്യങ്ങൾ നിർത്തലാക്കാനും അമേരിക്ക നീക്കമാരംഭിച്ചിട്ടുണ്ട്‌. ഹോങ്‌കോങ്ങിലെ 75 ലക്ഷം ജനങ്ങളിൽ 30 ലക്ഷം പേർക്ക്‌ പൗരത്വം നൽകാമെന്ന്‌ ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ പാർലമെന്റ്‌ നിയമം പാസാക്കിയതിനു പിന്നാലെ, ഹോങ്‌കോങ്ങിൽ കഴിഞ്ഞവർഷം അക്രമസമരങ്ങൾ നടത്തിയ ഡെമോസിസ്‌റ്റോയിൽനിന്ന്‌ പിൻവാങ്ങുന്നതായി അതിന്റെ പ്രമുഖ നേതാക്കളായ ജോഷ്വാ വോങ്‌, ആഗ്നസ്‌ ചൗ, നഥാൻ ലോ എന്നിവർ ഫെയ്‌ബുക്കിലൂടെ പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു. നേതാക്കൾ പിൻവാങ്ങിയതിനാൽ സംഘടന പിരിച്ചുവിടുന്നതായി ഡെമോസിസ്‌റ്റോയും അറിയിച്ചു. Read on deshabhimani.com

Related News