ഹോങ്കോങ്ങിന്‌ ഇനി മുൻഗണനയില്ലെന്ന്‌ ട്രംപ്‌



വാഷിങ്‌ടൺ > അമേരിക്ക ഹോങ്കോങ്ങിന്‌ നൽകിവന്ന മുൻഗണനാപരമായ സാമ്പത്തിക പരിഗണന അവസാനിപ്പിച്ചതായി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അറിയിച്ചു. ഹോങ്കോങ്ങിന്‌ ഇനി പ്രത്യേക പരിഗണനയില്ല. ചൈനയുടെ മറ്റ്‌ ഭാഗങ്ങൾക്കുള്ള പരിഗണന മാത്രമേ ഉണ്ടാകൂ എന്ന്‌ ട്രംപ്‌ വ്യക്തമാക്കി. യുഎസ്‌ കോൺഗ്രസ്‌ പാസാക്കിയ ഹോങ്കോങ് സ്വയംഭരണ നിയമത്തിൽ ചൊവ്വാഴ്‌ച  ഒപ്പിട്ടതായും ട്രംപ്‌ പറഞ്ഞു. താൻ ചൈനയ്‌ക്കെതിരെ കടുത്ത നടപടികളാണ്‌ എടുക്കുന്നതെന്ന്‌ അവകാശപ്പെട്ട  ട്രംപ്‌  തന്റെ മുൻഗാമികൾ ചൈനയുടെ പാവകളായിരുന്നെന്ന്‌ ആരോപിച്ചു. തന്റെ എതിർസ്ഥാനാർഥി ജോ ബൈഡനാണ്‌ ഡബ്ല്യുടിഒയിൽ ചൈനയ്‌ക്ക്‌ ഏറ്റവും അനുകൂല രാഷ്‌ട്രം എന്ന പദവി കിട്ടാൻ മുൻകൈയെടുത്തതെന്നും  ആരോപിച്ചു. എന്നാൽ, ട്രംപിന്റെ പല വാദങ്ങളും നുണയാണെന്ന്‌ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത്‌ അമേരിക്ക അവസാനിപ്പിക്കണമെന്ന്‌ ചൈന ആവശ്യപ്പെട്ടു. ട്രംപ്‌ ഹോങ്കോങ് നിയമം നടപ്പാക്കിയാൽ ചൈന തീർച്ചയായും തിരിച്ചടിക്കുമെന്ന്‌ വിദേശമന്ത്രാലയ വക്താവ്‌ ഹുവാ ചുൻയിങ്‌ മുന്നറിയി്പ്പ്‌ നൽകി. അമേരിക്ക തെറ്റുതിരുത്തണം. ഹോങ്കോങ്ങിലും ചൈനയുടെ ആഭ്യന്തര കാര്യങ്ങളിലും ഇടപെടുന്നത്‌ അവസാനിപ്പിക്കണം. അന്താരാഷ്‌ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്‌ ട്രംപിന്റെ നടപടികൾ. ചൈനീസ്‌ കമ്പനികൾക്കെതിരെയുള്ള ഭീഷണി തള്ളിയ ചൈന തങ്ങളുടെ കമ്പനികൾക്ക്‌ എല്ലാ സംരക്ഷണവും നൽകുമെന്ന്‌ വ്യക്തമാക്കി. Read on deshabhimani.com

Related News