ഇം​ഗ്ലണ്ട് തെരുവിലും വിദ്വേഷ കനല്‍



ലണ്ടൻ> ആഗസത്‌ 28ന്‌ ദുബായിൽ നടന്ന ഇന്ത്യ–- പാകിസ്ഥാൻ ക്രിക്കറ്റ്‌ മത്സരത്തെച്ചൊല്ലി ഇംഗ്ലണ്ടിലെ ലെസ്‌റ്ററിൽ ഇരു വിഭാഗങ്ങൾക്കിടയിൽ നിലനിന്ന സംഘർഷം കൂടുതൽ ഗുരുതരമാകുന്നു. കിഴക്കൻ ലെസ്‌റ്ററിൽ ശനിയാഴ്ച ഇരുവിഭാഗവും പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക്‌ കടന്നതോടെ 15 പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തു. സംഘർഷത്തിനിടെ മെൽറ്റൺ റോഡിലെ ക്ഷേത്രത്തിലെ പതാക അക്രമികൾ വലിച്ചുകീറി. കൂടുതൽ സംഘർഷം ഒഴിവാക്കാൻ പൊലീസ്‌ പ്രദേശത്ത്‌ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്‌.  ക്ഷേത്രം ആക്രമിച്ചതിനെ ഇന്ത്യൻ ഹൈക്കമീഷൻ ശക്തമായി എതിര്‍ത്തു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മത്സരത്തെ തുടർന്ന്‌ യുവാക്കൾക്കിടയിലുണ്ടായ വാക്കേറ്റമാണ്‌ സംഘർഷമായി വളർന്നതെന്ന്‌ ലെസ്‌റ്റർ പൊലീസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തെ മസ്‌ജിദ്‌ ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌ ഉണ്ട്. ലണ്ടനിൽ കഴിഞ്ഞ ദിവസം പൊലീസുകാരനെ കുത്തിയ രണ്ടുപേർ അറസ്‌റ്റിലായി. Read on deshabhimani.com

Related News