തോക്കിന്‍ മുനയില്‍ യുഎസ് ; ഈ വര്‍ഷം 
 147 മാരക വെടിവയ്പ്‌



ഇൻഡ്യാനാപോളിസ്‌ അമേരിക്കയിലെ ഇൻഡ്യാനാപോളിസിൽ ഫെഡെക്സ്‌ കൊറിയർ ഓഫീസിൽ അക്രമി എട്ടുപേരെ വെടിവച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി വൈകിയുണ്ടായ  ആക്രമണത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റു. ഇൻഡ്യാനാപോളിസ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ സമീപമായിരുന്നു സംഭവം. ഓട്ടോമാറ്റിക്‌ റൈഫിളാണ്‌ ഉപയോഗിച്ചത്‌. കൊല്ലപ്പെട്ടവർ ഫെഡെക്സ്‌ ജീവനക്കാരാണ്‌. അതേസമയം, സാൻ അന്റോണിയോ വിമാനത്താവളത്തിന്‌ വെളിയിൽ തോക്കും വെടിക്കോപ്പുകളുമായി എത്തിയയാളെ പൊലീസ്‌ വെടിവച്ച്‌ കൊന്നു. വിമാനത്താവളത്തിന്‌ വെളിയിൽ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന്‌ വാഹനം തടഞ്ഞ പൊലീസുകാരനെ ഇയാൾ വെടിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ്‌ തിരിച്ചുവെടിവച്ചതിലാണ്‌ അക്രമി കൊല്ലപ്പെട്ടത്‌. കാറിൽനിന്ന്‌ മറ്റ്‌ വെടിക്കോപ്പുകളും കണ്ടെത്തി. 2021ൽ ഇതുവരെ അമേരിക്കയിൽ 147 മാരക വെടിവയ്പ്‌ ഉണ്ടായതായി പൊലീസിന്റെ ഗൺ വയലൻസ്‌ ആർക്കൈവ്‌‌ വ്യക്തമാക്കുന്നു. കോവിഡ്‌ അടച്ചുപൂട്ടലിൽ 2020ൽ ഇത്തരം ആക്രമണങ്ങൾ ഗണ്യമായി കുറഞ്ഞിരുന്നു. പതിമൂന്നുകാരനെ വെടിവച്ച്‌ 
കൊന്ന ദൃശ്യം പുറത്ത് ഷിക്കാഗോയിൽ പതിമൂന്നുകാരനെ വെടിവച്ച്‌ കൊന്ന ദൃശ്യം പൊലീസ്‌ പുറത്തുവിട്ടു. ഷിക്കാഗോയുടെ വടക്കൻ പ്രദേശമായ ലിറ്റിൽ വില്ലേജിൽ മാർച്ച്‌ 29നാണ്‌ സംഭവം.  ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആദം ടൊലെഡോയെ പൊലീസ്‌ പിന്തുടരുന്നതും കീഴടങ്ങനായി ഇരു കൈയും ഉയർത്തിയ ബാലനെ വെടിവച്ച്‌ വീഴ്‌ത്തുന്നതുമായ ഒമ്പത്‌ മിനുട്ട്‌ ദൈർഘ്യമുള്ള വീഡിയേയാണ്‌ പുറത്തുവിട്ടത്‌. വെടിവച്ച പൊലീസുകാരൻ എറിക്‌ സ്റ്റിൽമാന്റെയും സഹപ്രവർത്തകരുടെയും ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യമാണിത്. ആദമിന്റെ പക്കൽ തോക്കുണ്ടായിരുന്നെന്നും പൊലീസ്‌ അവകാശപ്പെട്ടു. വെടിവച്ചിട്ടശേഷം ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാൽ, തുടർച്ചയായുണ്ടാകുന്ന പൊലീസ്‌ അതിക്രമങ്ങളിൽ രോഷാകുലരായ അമേരിക്കൻ ജനത ആദമിന്‌ നീതിതേടി തെരുവിലിറങ്ങി. നവമാധ്യമങ്ങളിലും ക്യാമ്പയിൻ ശക്തമാണ്‌. ഇലിനോയിസ്‌ ഗവർണർ ജെ ബി പ്രിറ്റ്‌സ്‌കർ ഉൾപ്പെടെയുള്ളവർ സംഭവത്തെ അപലപിച്ചു. എന്നാൽ, വെടിയുതിര്‍ത്ത സ്‌റ്റിൽമാനെ ന്യായീകരിച്ച്‌ ഷിക്കാഗോ പൊലീസ്‌ ഡിപ്പാർട്‌‌മെന്റും പൊലീസ്‌ യൂണിയനും രംഗത്തെത്തി. Read on deshabhimani.com

Related News