അവിശ്വാസം പരാജയപ്പെട്ടു



കൊളംബോ ലങ്കൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയെ പുറത്താക്കാൻ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാർലമെന്റിൽ പരാജയപ്പെട്ടു. ഗോതബായയെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ്‌ അവിശ്വാസം കൊണ്ടുവന്നത്‌. തമിഴ്‌ നാഷണൽ അലയൻസിനായി എം എ സുമന്തിരൻ എംപിയാണ്‌ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്‌. പ്രധാന പ്രതിപക്ഷമായ സമാഗി ജന ബാലവേഗായ (എസ്‌ജെബി) പാർടി എംപി ലക്ഷ്മൺ കിരിയല്ല പിന്തുണച്ചു. എന്നാൽ, 119 എംപിമാർ പ്രമേയത്തെ എതിർത്തതോടെ അവിശ്വാസം പരാജയപ്പെട്ടു. 68 എംപിമാരാണ്‌ പിന്തുണച്ചത്‌. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഉൾപ്പെടെ പ്രമേയത്തെ എതിർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ജനകീയപ്രക്ഷോഭത്തെ തുടർന്ന്‌ മഹിന്ദ രജപക്‌സെ രാജിവച്ചതിനുശേഷം ആദ്യമായാണ്‌ പാർലമെന്റ്‌ ചേർന്നത്‌. രജപക്‌സെ കുടുംബാംഗമായ അജിത്‌ രജപക്‌സെയെ ഡെപ്യൂട്ടി സ്‌പീക്കറായും തെരഞ്ഞെടുത്തു. ഇതിനിടെ കഴിഞ്ഞ ഒമ്പതിന്‌ സമരക്കാരെ ആക്രമിച്ച സംഭവത്തിൽ രണ്ട്‌ ഭരണകക്ഷി എംപിമാരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇന്ധനക്ഷാമം രൂക്ഷം ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ പെട്രോൾ ക്ഷാമം രൂക്ഷം. ഒരു ദിവസത്തേക്കുള്ള പെട്രോളേ രാജ്യത്തുള്ളൂവെന്ന്‌ കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു.  പ്രതിസന്ധി നേരിടാൻ 75 മില്യൺ ഡോളർ (ഏകദേശം 540 കോടി രൂപ) ഉടൻ വേണം. 15 മണിക്കൂർ പവർ കട്ട്‌ ഏർപ്പെടുത്തിയേക്കും. ശമ്പളം നൽകാനായി സെൻട്രൽ ബാങ്കിനോട്‌ കൂടുതൽ പണം അച്ചടിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. ശ്രീലങ്കൻ എയർലൈൻസ്‌ സ്വകാര്യവൽക്കരിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു.   Read on deshabhimani.com

Related News