ഗാൽവാനിൽ മരിച്ചത്‌ 
4 സൈനികർ: ചൈന



ബീജിങ്‌ ഗാൽവാനിൽ കഴിഞ്ഞ വർഷം ഇന്ത്യയുമായുണ്ടായ ഏറ്റമുട്ടലിൽ തങ്ങളുടെ നാലു സൈനികരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ ചൈന വ്യക്തമാക്കി. ജൂൺ അഞ്ചിനുണ്ടായ സംഭവത്തിനുശേഷം ആദ്യമായാണ്‌ ചൈന മരിച്ച സൈനികരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിടുന്നത്‌. ഇവർക്ക്‌ മരണാനന്തര ബഹുമതി നൽകി കേന്ദ്ര മിലിറ്ററി കമീഷൻ ആദരിച്ചു. അനധികൃത കടന്നുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെ തങ്ങളുടെ നാലു സൈനികർ മരിച്ചെന്നാണ്‌ ചൈനയുടെ വിശദീകരണം. ചൈനീസ്‌ പട്ടാളത്തെ സ്റ്റീൽ ട്യൂബ്‌, കനം കൂടിയ വടി തുടങ്ങിയ ഉപയോഗിച്ച്‌ അടിക്കുകയും കല്ലെറിയുകയും ചെയ്‌തു. ചെൻ ഹോങ്ജുൻ, ചെൻ ഷിയാങ്‌റോങ്, ഷിയാവോ സിയുവാൻ, വാങ് ഴുവോറൻ എന്നിവരാണ്‌ കൊല്ലപ്പെട്ടതെന്ന്‌‌ സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎൽഎ ഡെയിലി റിപ്പോർട്ട്‌ ചെയ്‌തു. മൂന്നു പേർ ഏറ്റുമുട്ടലിലും ഒരാൾ മറ്റുള്ളവരെ സഹായിക്കാൻ പുഴ കടക്കവേയുമാണ്‌ മരിച്ചത്‌.  സൈന്യത്തിന്റെ റെജിമെന്റൽ കമാൻഡർ ക്വി ഫബാവോയ്‌ക്ക്‌ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റു. റിപ്പോർട്ടിൽ ഇന്ത്യയുടെ പേരെടുത്ത്‌ പറയാതെ വിദേശ സൈന്യം എന്നാണ്‌ പരാമർശിക്കുന്നത്‌. അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ വികാരം വ്രണപ്പെടുത്താതിരിക്കാനാണ്‌ ഇതെന്നും ഗ്ലോബൽ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തു.ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ്‌ മരിച്ചത്‌. 45 ചൈനീസ്‌ സൈനികർ മരിച്ചതായാണ്‌‌ റഷ്യൻ ഏജൻസിയായ ടാസ്‌ അക്കാലത്ത്‌‌ റിപ്പോർട്ട്‌ ചെയ്‌തത്‌. Read on deshabhimani.com

Related News