ചൈനാവിരുദ്ധ നിലപാട്‌ കടുപ്പിച്ച്‌ ജി 7



ഹിരോഷിമ > ചൈനയ്ക്കെതിരായ നീക്കം കൂടുതൽ ശക്തമാക്കാൻ ജി 7 രാജ്യങ്ങൾ. ലോകവിപണിയിലും ഇന്തോ പസഫിക്‌ മേഖലയിലും ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിനെതിരെ യോജിച്ച്‌ പ്രവർത്തിക്കുമെന്ന്‌ ജപ്പാനിലെ ഹിരോഷിമയിൽ ചേർന്ന ജി 7 ഉച്ചകോടി പ്രഖ്യാപിച്ചു. ലോകത്തെ ചൈന ബന്ദിയാക്കിയിരിക്കുകയാണെന്നും ഞായറാഴ്ച പുറത്തിറക്കിയ പ്രസ്‌താവനയിൽ ആരോപിച്ചു. ലോകസുരക്ഷയും സമൃദ്ധിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്‌ ചൈനയെന്നായിരുന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രസ്താവന. ഇന്തോ പസഫിക്‌, തയ്‌വാൻ വിഷയങ്ങളിൽ ചൈനയെ ഒറ്റപ്പെടുത്തുന്ന നിലപാടാകും വരുംകാലങ്ങളിൽ ജി 7രാജ്യങ്ങൾ സ്വീകരിക്കുകയെന്നതിൽ ഊന്നിയായിരുന്നു ശനി, ഞായർ ദിവസങ്ങളിൽ പുറത്തിറക്കിയ പ്രസ്‌താവനകളും. സമീപവർഷങ്ങളിൽ ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്‌ ചൈന ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലിത്വാനയിൽനിന്നുള്ള ഇറക്കുമതിയും വിലക്കി. ഇതിലെല്ലാം യൂറോപ്യൻ യൂണിയനുള്ള കടുത്ത പ്രതിഷേധം ജി 7 ഉച്ചകോടിയിലും പ്രതിഫലിച്ചു. ഹിരോഷിമയിൽ ചേർന്ന ചൈനാവിരുദ്ധ ചതുർരാഷ്ട്ര സഖ്യം ക്വാഡിന്റെ നേതൃയോഗത്തിലും ഇന്തോ പസഫിക്‌ മേഖലയിൽ കൂടുതൽ സഹകരണം സാധ്യമാക്കാൻ തീരുമാനിച്ചിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ ഉക്രയ്‌ന്‌ പൂർണ പിന്തുണ നൽകുമെന്നും ജി 7 ഉച്ചകോടി പ്രഖ്യാപിച്ചു. അതേസമയം, ജി 7 യോഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പാപുവ ന്യൂ ഗിനിയയിൽ എത്തി.   Read on deshabhimani.com

Related News