പെൻഷൻ പ്രതിഷേധം : 
ലൂവ്‌റെ മ്യൂസിയം അടച്ചു



പാരിസ്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന്റെ ജനദ്രോഹ പെൻഷൻ പരിഷ്കരണ ബില്ലിനെതിരായ സമരത്തിൽ ജീവനക്കാർ അണിചേർന്നതോടെ പാരിസിലെ വിഖ്യാതമായ ലൂവ്‌റെ മ്യൂസിയം അടച്ചു. തിങ്കളാഴ്ച പ്ലക്കാർഡുകളും ബാനറുകളും കൊടികളുമേന്തി ജീവനക്കാർ മ്യൂസിയത്തിലേക്കുള്ള പ്രവേശനകവാടം ഉപരോധിച്ചു. 2017ൽ മാക്രോൺ തന്റെ തെരഞ്ഞെടുപ്പ്‌ വിജയം ആഘോഷിക്കാൻ വേദിയാക്കിയ മ്യൂസിയത്തിന്‌ മുന്നിലെ പിരമിഡിന്‌ സമീപം തടിച്ചുകൂടിയ അവർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഇതോടെ, മ്യൂസിയത്തിൽ സന്ദർശകർക്ക്‌ പ്രവേശനം അനുവദിക്കില്ലെന്ന്‌ അധികൃതർ പ്രഖ്യാപിക്കുകയായിരുന്നു. ചൊവ്വാഴ്ചത്തെ പതിവ്‌ അവധി ഉൾപ്പെടെ മ്യൂസിയം രണ്ടുദിവസം തുടർച്ചയായി അടഞ്ഞുകിടക്കും. പെൻഷൻ പ്രായം അറുപത്തിരണ്ടിൽനിന്ന്‌ അറുപത്തിനാലാക്കുന്നതാണ്‌ മാക്രോൺ മുന്നോട്ടുവയ്ക്കുന്ന പെൻഷൻ ബിൽ. വിവിധ സംഘടനകൾ ചൊവ്വാഴ്ച ദേശവ്യാപക പ്രക്ഷോഭത്തിന്‌ ആഹ്വാനം നൽകിയിട്ടുണ്ട്‌. വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി എലിസബെത്ത്‌ ബോണുമായി മാക്രോൺ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. Read on deshabhimani.com

Related News