ഖത്തറിലും കോവിഡ്‌ മരണം; ജിസിസിയില്‍ രോഗികള്‍ മൂവായിരം കടന്നു



മനാമ > കൊറോണവൈറസ് ബാധിച്ച് ഖത്തറില്‍ വിദേശ തൊഴിലാളി മരിച്ചു. 57 കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്-19 മൂലമുള്ള ഖത്തറിലെ ആദ്യ മരണമാണിത്.   രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 16 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു.   ഖത്തറില്‍ ശനിയാഴ്ച 28 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികള്‍ 590 ആയി ഉയര്‍ന്നു. 45 പേര്‍ രോഗ മുക്തരായി.   വൈറസ് ബാധയെ തുടര്‍ന്ന് ശനിയാഴ്ച സൗദിയിലും ഒരാള്‍ മരിച്ചു. തലസ്ഥാനമായ റിയാദില്‍ സൗദി പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചുള്ള മരണം നാലായി. മരിച്ചയാള്‍ക്ക് വിട്ടുമാറാത്ത അസുഖമുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ മരിച്ച മൂന്നു പേരും വിദേശ തൊഴിലാളികളാണ്. ഇതില്‍ രണ്ടു മരണവും മദീനയിലായിരുന്നു.   ശനിയാഴ്ച സൗദിയില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം 1203 ആയി ഉയര്‍ന്നു. പുതുതായി 99 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണിത്. 37 പേര്‍ക്ക് രോഗമുക്തിയുണ്ട്.   ഒമാനില്‍ ശനിയാഴ്ച 21 പേര്‍ക്ക് പുതുതായ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 152 ആയി. യുഎഇയില്‍ ശനിയാഴ്ച 63 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ എമിറേറ്റ്‌സില്‍ രോഗികളുടെ എണ്ണം 468 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 72 പേരില്‍ 23 പേര്‍ ഇന്ത്യക്കാരാണ്. കോവിഡ് ബാധിച്ച് ബഹ്‌റൈനില്‍ 207 പേര്‍ ചികിത്സയിലുണ്ട്. 265 പേര്‍ രോഗമുക്തരായി.   ബഹ്‌റൈന്‍, സൗദി എന്നിവടങ്ങളില്‍ നാലു പേരും യുഎഇയില്‍ രണ്ടുപേരും ഖത്തറില്‍ ഒരാളുമാണ് ഇതുവരെ മരിച്ചത്.   ആറു ഗള്‍ഫ് രാജ്യങ്ങളിലായി 3121 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 479 പേര്‍ രോഗ വിമുക്തരായി. രോഗം ഭേദമായവരില്‍ 265 പേര്‍ ബഹ്‌റൈനിലാണ് Read on deshabhimani.com

Related News