നാറ്റോയിൽ ചേരുമെന്ന്‌ ഫിൻലൻഡ്‌



ഹെൽസിങ്കി> റഷ്യന്‍ മുന്നറിയിപ്പ്‌ അവഗണിച്ച്‌ നാറ്റോയിൽ ചേരുമെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഫിൻലൻഡ്‌.  ഉക്രയ്ന്‍ നാറ്റോയോട് അടുക്കാന്‍ ശ്രമിച്ചതാണ്  സൈനിക നടപടിക്ക് റഷ്യയെ പ്രേരിപ്പിച്ചത്. വടക്ക്‌ പടിഞ്ഞാറൻ അതിർത്തിരാജ്യമായ ഫിൻലൻഡുമായി റഷ്യ 1340 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. ഞായറാഴ്‌ച ഫിൻലൻഡ്‌ പ്രസിഡന്റ്‌ സൗലി നിനിസ്റ്റോയും പ്രധാനമന്ത്രി സന മരിനും സംയുക്ത വാർത്താസമ്മേളനത്തിലാണ്‌ നാറ്റോയില്‍ ചേരാന്‍ അപേക്ഷിക്കുമെന്ന് അറിയിച്ചത്. തീരുമാനം ഫിൻലൻഡ്‌ പാർലമെന്റ്‌ അംഗീകരിക്കുന്നതോടെ നാറ്റോയിലേക്ക്‌ അപേക്ഷ നൽകാം. അടുത്ത ആഴ്‌ചയോടെ ഫിൻലൻഡിന്റെ അപേക്ഷ നാറ്റോ പരിഗണിക്കുമെന്നാണ്‌ റിപ്പോർട്ട്‌. ഫിൻലൻഡിന്റെ തീരുമാനം ചരിത്രപരമാണെന്ന്‌ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. റഷ്യ ഇതിനോട്‌ എങ്ങനെ പ്രതികരിക്കുമെന്ന്‌ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയില്‍ ചേരാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ ഫിൻലൻഡ്‌ പ്രസിഡന്റിനെ ഫോണിൽവിളിച്ച്‌ ആവശ്യപ്പെട്ടു.  ഫിൻലൻഡിന്‌ പുറമെ സ്വീഡനെയും സൈനികസഖ്യത്തിലേക്ക് നാറ്റോ ക്ഷണിച്ചിട്ടുണ്ട്. Read on deshabhimani.com

Related News