ഫെയ്സ്ബുക്ക് ഇന്ത്യയില്‍ വിദ്വേഷം ആളിക്കത്തിച്ചു; റിപ്പോര്‍ട്ട് പുറത്ത്



ന്യൂയോര്‍ക്ക് > ഇന്ത്യയില്‍ വര്‍​ഗീയ വിദ്വേഷം ആളിക്കത്തിക്കുന്നതിനും മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിനും ഫെയ്‌സ്‌ബുക്ക് ബോധപൂര്‍വം ഇടപെട്ടെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. തെറ്റായ വിവരവും വിദ്വേഷ പ്രസം​ഗവും പ്രചരിപ്പിക്കുന്നത് അറിഞ്ഞി‌ട്ടും തടയാന്‍ നോക്കാതെ ഇന്ത്യയെ, ഫെയ്‌സ്‌ബുക്ക് തങ്ങളുടെ ഏറ്റവും വലിയ വിപണിയാക്കി നിലനിര്‍ത്തിയിരിക്കുകയാണെന്ന് സ്ഥാപനത്തിനുള്ളില്‍ നിന്നും ചോര്‍ത്തികിട്ടിയ രേഖ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫെയ്സ്ബുക്കിന്ഇന്ത്യയിലെ വർഗീയ സംഘര്‍ഷങ്ങളുമായി ബന്ധമുണ്ടോയെന്ന് പഠിക്കാന്‍ കമ്പനി ഇന്ത്യയിലേക്ക് ​ഗവേഷകരെ അയച്ചിരുന്നു.  2019 ഡിസംബറിലെ മുസ്ലിം വിരുദ്ധ അക്രമങ്ങളില്‍ ഉള്‍പ്പെടെ ഫെയ്‌സ്‌ബുക്കും വാട്സ്ആപ്പും വഴി പ്രചരിച്ചിരുന്ന സന്ദേശങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നതായി സമിതി കണ്ടെത്തി. വിദ്വേഷവും അക്രമവും  പ്രോത്സാഹിപ്പിക്കുന്ന  ഉള്ളടക്കം വന്‍തോതില്‍ ലഭിക്കുന്നതായി ഇന്ത്യയിലെ ഹിന്ദു മുസ്ലിം ഉപയോക്താക്കള്‍ അറിയിച്ചതായി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് വ്യാപനത്തിന് മുസ്ലിങ്ങള്‍ കാരണമായെന്നും മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രചാരണമുണ്ടായെന്നും  അവ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണത്തിന് കാരണമായിട്ടുണ്ടെന്നും സമിതി കണ്ടെത്തി. ഇത്തരം ഉള്ളടക്കം നിയന്ത്രിക്കേണ്ടത് ഫെയ്‌സ്‌ബുക്കിന്റെ ഉത്തരവാദിത്വമാണെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതായും  റിപ്പോർട്ട് പറയുന്നു. ഭരണകക്ഷിയുമായി ബന്ധമുള്ള ആര്‍എസ്എസും ബജ്‌രംഗ്‌ ദളും മുസ്ലിം വിരുദ്ധ ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുന്നുവെന്നും ഇവര്‍ക്കെതിരെ നിയന്ത്രണം ഉണ്ടാകണമെന്നും  ​ഗവേഷകര്‍ ആവശ്യപ്പെട്ടങ്കിലും ഇവരുമായി ബന്ധപ്പെട്ട പേജുകളും പോസ്റ്റുകളും ഫെയ്‌സ്‌ബുക്കില്‍ സജീവമായി നിലനില്‍ക്കുന്നു.  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ 2019 ഡിസംബറിനെത്തുടർന്നുള്ള മാസങ്ങളിൽ വർഗീയ വിദ്വേഷം പടർത്തുന്ന ഉള്ളടക്കം 300 ശതമാനത്തോളം വർധിച്ചു. 22 ഇന്ത്യന്‍ ഭാഷയിൽ അഞ്ചെണ്ണത്തിൽ കൃത്രിമബുദ്ധി സംവിധാനം ഉപയോ​ഗിച്ച് ഉള്ളടക്കം നിയന്ത്രിക്കാന്‍ സംവിധാനമുണ്ടെന്നാണ് ഫെയ്‌സ്‌ബുക് അവകാശപ്പെടുന്നു.  പക്ഷേ, ഹിന്ദിയിലും ബംഗാളിയിലും ഉള്ള വിദ്വേഷ പോസ്റ്റുകള്‍ പോലും ഫെയ്‌സ്‌ബുക് നിയന്ത്രിച്ചിട്ടില്ല. Read on deshabhimani.com

Related News