യൂറോപ്പിലും പണപ്പെരുപ്പം ; ഇന്ധനവിലയിൽ 39.7 ശതമാനം വർധന



ബ്രസൽസ്‌ യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പം റെക്കോഡ്‌ നിലയിൽ. കറൻസിയായി യൂറോ ഉപയോഗിക്കുന്ന 19 യൂറോസോൺ രാജ്യങ്ങളിൽ ജൂലൈയിൽ പണപ്പെരുപ്പം 8.9 ശതമാനത്തിൽ എത്തി. 1997നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്‌. ജൂണിൽ 8.6 ശതമാനം ആയിരുന്നു. യൂറോപ്യൻ യൂണിയൻ സ്‌റ്റാറ്റിസ്‌റ്റിക്സ്‌ ഏജൻസിയാണ്‌ കണക്കുകൾ പുറത്തുവിട്ടത്‌. ഇന്ധനവിലയിൽ 39.7 ശതമാനം വർധന. ഭക്ഷ്യ, മദ്യ, പുകയില വില 9.8 ശതമാനം ഉയർന്നു. ഉക്രയ്‌ൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധിയാണ് യുദ്ധമേഖലയോട്‌ അടുത്തുള്ള യൂറോസോണില്‍ പ്രതിഫലിക്കുന്നത്‌. അമേരിക്കയെപ്പോലെതന്നെ യൂറോപ്പും വർഷാന്ത്യത്തിലോ അടുത്ത വർഷം ആദ്യമോ സാമ്പത്തികമാന്ദ്യത്തിലേക്ക്‌ വഴുതിവീഴുമെന്ന് വിദഗ്‌ധർ നിരീക്ഷിക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്‌ 11 വർഷത്തിൽ ആദ്യമായി കഴിഞ്ഞയാഴ്ച പലിശനിരക്ക്‌ കുത്തനെ ഉയർത്തി. സെപ്തംബറിൽ വീണ്ടും വർധിപ്പിക്കും. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി പ്രതിസന്ധിയിലായതോടെ ഇന്ധന ഉപയോഗം 15 ശതമാനം കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നടപടി തുടങ്ങി.   Read on deshabhimani.com

Related News