അമേരിക്കക്കാർക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഇയു



ബ്രസല്‍‌സ് കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക്‌ വിലക്ക് പുനഃസ്ഥാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 27 അം​ഗരാജ്യങ്ങളില്‍ കര്‍ശന  നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന്  അമേരിക്കയെ ഒഴിവാക്കിയതായി ഇയു നയതന്ത്രജ്ഞര്‍ അറിയിച്ചു. ജൂണിലാണ് യൂറോപ്യന്‍ യൂണിയന്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്. എന്നാല്‍, ഇയു അം​ഗരാജ്യങ്ങള്‍ക്ക്‌ ഏകീകൃത വിനോദസഞ്ചാര നയങ്ങള്‍ ഇല്ലാത്തതിനാൽ അമേരിക്കന്‍ സഞ്ചാരികളെ സ്വീകരിക്കണോ എന്നത് അതത് രാജ്യങ്ങളുടെ തീരുമാനമാണ്. ● ഫ്രാന്‍സില്‍ ഹോട്ടല്‍ ജീവനക്കാരുള്‍പ്പെടെ വിവിധ മേഖലകളിലെ 20 ലക്ഷത്തോളം തൊഴിലാളികള്‍‌ക്ക് ആരോ​ഗ്യ പാസ് നിര്‍ബന്ധമാക്കി. വാക്സിന്‍ സ്വീകരിച്ചതിന്റെ രേഖകളും ഏറ്റവും പുതിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തിയുള്ളതാണ് പാസ്. രാജ്യത്ത് 64 ശതമാനത്തിലധികം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്‌. 72 ശതമാനം പേർ ഒരു ഡോസെങ്കിലും എടുത്തിട്ടുണ്ട്. ●‌12 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും  വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ ഗ്രീന്‍പാസ് റദ്ദാക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. 20 ശതമാനത്തോളം പേർക്ക്‌ മൂന്നാം ഡോസ്‌ നൽകിക്കഴിഞ്ഞു. ●‌ ​രോ​ഗപ്രതിരോധശേഷി കുറവുള്ളവർ മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്ന് ഡാനിഷ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ●‌ ബൂസ്റ്റര്‍ ഡോസ് ആഡംബരമായി കാണരുതെന്നും കൂടുതല്‍ പ്രതിരോധശേഷി ഉണ്ടാക്കാൻ അത് സഹായിക്കുമെന്നും  ഡബ്ലയുഎച്ച്‌ഒ റീജണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു. ●‌  അമേരിക്കയിൽ മാസ്ക് ധരിക്കാതെ ക്ലാസെടുത്ത അധ്യാപികയിൽനിന്ന്‌ 26 പേർക്ക് കോവിഡ് ബാധിച്ചു.  ക്ലാസ് മുറിയിലെ 18 കുട്ടികൾക്കും ചില രക്ഷിതാക്കള്‍ക്കുമാണ് രോ​ഗം ബാധിച്ചത്. ● കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ആദ്യമായി ഇന്തോനേഷ്യയില്‍ സ്കൂളുകള്‍ തുറന്നു. 610 സ്കൂളാണ് തുറന്നത്. Read on deshabhimani.com

Related News