വൈദ്യുതി പ്രതിസന്ധി: വഴിവച്ചത്‌ മന്ത്രാലയങ്ങളുടെ ഏകോപനമില്ലായ്‌മ



ന്യൂഡൽഹി പൊള്ളുന്ന വേനലിനിടെ രാജ്യത്ത്‌ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക്‌ വഴിയൊരുക്കിയത്‌ കൽക്കരി–-ഊർജ–-റെയിൽ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനമില്ലായ്‌മ. വൈദ്യുതി ആവശ്യകത വര്‍ധിക്കുമെന്ന് മുൻകൂട്ടിക്കണ്ട് നടപടിയെടുത്തില്ല. ഒക്‌ടോബറിലും സമാന വൈദ്യുതി പ്രതിസന്ധി രാജ്യം നേരിട്ടു. കോൾ ഇന്ത്യയും സിംഗരേനി കോൾ കമ്പനിയും ഖനനംചെയ്തെടുത്ത കൽക്കരി താപനിലയങ്ങളിൽ എത്തിക്കുന്നതിലെ വീഴ്‌ചയാണ്‌ പ്രതിസന്ധിക്ക്‌ മുഖ്യകാരണം. ആവശ്യത്തിന്‌ റെയ്‌ക്കുകൾ ഒരുക്കാൻ റെയിൽവേക്ക്‌ സാധിക്കുന്നില്ല. ഏപ്രിൽ 26ലെ കണക്കുപ്രകാരം 21.45 ദശലക്ഷം ടൺ കൽക്കരി ശേഖരം താപനിലയങ്ങളിലുണ്ട്. ഇത്‌ സാധ്യമായ ശേഖരത്തിന്റെ 30 ശതമാനംമാത്രം. 175 കൽക്കരി അധിഷ്‌ഠിത വൈദ്യുതനിലയങ്ങളിൽ 105ലും ശേഖരം 25 ശതമാനത്തിലുംതാഴെ.എപ്പോൾ വേണമെങ്കിലും ഉൽപ്പാദനം നിലയ്‌ക്കാവുന്ന സ്ഥിതി. വേനൽ കടുത്തതോടെ വൈദ്യുതി ആവശ്യകത 203 ജിഗാ വാട്ടായി ഉയർന്നു. ഇത്‌ 220 ജിഗാവാട്ട്‌ വരെയായി ഉയരാനും ഇടയുണ്ട്‌. ഇപ്പോൾത്തന്നെ 8.2 ജിഗാ വാട്ടിന്റെ വൈദ്യുതി ക്ഷാമമാണ്‌ അനുഭവപ്പെടുന്നത്‌.ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം നീക്കം. കൽക്കരി കൂടുതലായി ഇറക്കുമതി ചെയ്യാൻ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗം. അന്താരാഷ്ട്ര വിപണിയിൽ കൽക്കരി വില ടണ്ണിന്‌ അമ്പത്‌ ഡോളറിൽനിന്ന്‌ 288 ഡോളറായി ഉയർന്ന ഘട്ടത്തിലാണ്‌ കേന്ദ്ര നിർദേശം. Read on deshabhimani.com

Related News