തെക്കന്‍ ഇറാനില്‍ ഭൂകമ്പം; യുഎഇയിലും തുടര്‍ ചലനം



മനാമ> തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന് സമീപം ശക്തമായ ഭൂചലനം. ഒരു മിനിറ്റ് ഇടവേളയില്‍ രണ്ട് തവണ ഭൂമി കുലുങ്ങി. ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ യുഎഇ അടക്കം പല ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 3.37നാണ് ആദ്യ ഭൂചലനം ഉണ്ടായത്. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ബന്ദര്‍ അബ്ബാസിന് 68 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് കേന്ദ്രീകരിച്ചായിരുന്നു ഭൂചലനം. ദുബായില്‍ നിന്ന് 278 കിലോമീറ്റര്‍ വടക്കാണിത്. ഒരു മിനിറ്റിനുശേഷം അതേ പ്രദേശത്ത് രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. ഇരു ഭൂകമ്പങ്ങളും റിക്ടര്‍ സ്‌കെയിലില്‍ 6.4, 6.3 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തി. ഉപരിതലത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇറാന്‍ ഭൂകമ്പ പഠനവിഭാഗം അറിയിച്ചു.ബന്ദര്‍ അബ്ബാസിലെ താമസക്കാര്‍ വീടുകള്‍ വിട്ട് പലായനം ചെയ്തതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ മരിച്ചു.  നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല, നിരവധി വീടുകള്‍ തകര്‍ന്നു. ബന്ദര്‍ അബ്ബാസില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും ജെനോ പര്‍വതത്തില്‍ മണ്ണിടിച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സി പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ 6,200 ഓളം ആളുകള്‍ താമസിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ യുഎയിലെ പല എമിറേറ്റുകളിലും അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ചില നഗരങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.   Read on deshabhimani.com

Related News