ട്രംപിന്‌ പുതുവർഷ പ്രഹരം: പ്രതിരോധ ബജറ്റ്‌ വീറ്റോ യുഎസ്‌ കോൺഗ്രസ്‌ തള്ളി



വാഷിങ്‌ടൺ> സ്ഥാനമൊഴിയാൻ മൂന്നാഴ്‌ചയിൽ താഴെ മാത്രം അവശേഷിക്കെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ യുഎസ്‌ കോൺഗ്രസിന്റെ കനത്ത പുതുവർഷ പ്രഹരം. യുഎസ്‌ കോൺഗ്രസ്‌ പാസാക്കിയ 2021ലെ പ്രതിരോധ ബജറ്റ്‌ വീറ്റോ ചെയ്‌ത ട്രംപിന്റെ നടപടി സെനറ്റ്‌ വൻ ഭൂരിപക്ഷത്തിന്‌ (81–-13) തള്ളി. കോൺഗ്രസിന്റെ അസാധാരണ പുതുവർഷദിന സമ്മേളനത്തിലാണ്‌ സ്വന്തം പാർടിക്ക്‌ ഭൂരിപക്ഷമുള്ള സെനറ്റ്‌ ട്രംപിനെ നാണംകെടുത്തിയത്‌. ഡെമോക്രാറ്റുകൾക്ക്‌ ഭൂരിപക്ഷമുള്ള പ്രതിനിധിസഭ ദിവസങ്ങൾക്കുമുമ്പ്‌  സമാന ഭൂരിപക്ഷത്തിന്‌(322–-87) ട്രംപിന്റെ വീറ്റോ തള്ളിയിരുന്നു.    ബജറ്റടക്കം അമേരിക്കൻ കോൺഗ്രസ്‌ പാസാക്കുന്ന നിയമങ്ങൾ പ്രസിഡന്റ്‌ ഒപ്പുവച്ചാലേ പ്രാബല്യത്തിലാകൂ. പ്രസിഡന്റ്‌ വീറ്റോ ചെയ്‌താൽ അത്‌ മറികടക്കാൻ കോൺഗ്രസിന്റെ ഇരുസഭയും കുറഞ്ഞത്‌ മൂന്നിൽരണ്ട്‌ ഭൂരിപക്ഷത്തിന്‌ ബിൽ വീണ്ടും പാസാക്കണം. നാലു വർഷം പൂർത്തിയാകുന്ന ട്രംപിന്റെ ഭരണകാലത്ത്‌ ആദ്യമായാണ്‌ കോൺഗ്രസ്‌ പ്രസിഡന്റിന്റെ ഒരു വീറ്റോ തള്ളുന്നത്‌. 1960കളിൽ ലിൻഡൻ ജോൺസനുശേഷം ഒറ്റ വീറ്റോയും കോൺഗ്രസ്‌ തള്ളാതെ പടിയിറങ്ങാൻ ലഭിച്ച അവസരമാണ്‌ ട്രംപ്‌ നഷ്ടപ്പെടുത്തിയത്‌. മറ്റ്‌ എട്ട്‌ ബിൽ കൂടി ട്രംപ്‌ വീറ്റോ ചെയ്‌തിരുന്നെങ്കിലും അവ മാറ്റാൻ മൂന്നിൽരണ്ടു ഭൂരിപക്ഷം സഭകളിൽ ലഭിച്ചിരുന്നില്ല.   സൈനികരുടെ ശമ്പളം മൂന്നു ശതമാനം വർധിപ്പിക്കാനടക്കം നിർദേശമുള്ള 74,050 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റ്‌ (ദേശീയ പ്രതിരോധ അനുമതി നിയമം–-എൻഡിഎഎ) ഡിസംബർ 23നാണ്‌ ട്രംപ്‌ വീറ്റോ ചെയ്‌തത്‌. ആഭ്യന്തരയുദ്ധകാലത്തെ അടിമത്താനുകൂലികളായ കോൺഫെഡറേറ്റ്‌ സേനാ നായകരുടെ പേര്‌ സൈനിക കേന്ദ്രങ്ങളിൽനിന്നും മറ്റും നീക്കാനുള്ള നിർദേശത്തെയും വിദേശത്തുള്ള സൈനികരെ തിരിച്ചുകൊണ്ടുവരുന്നതിന്‌ തനിക്കുള്ള അധികാരം നിയന്ത്രിക്കുന്നതിനെയും എതിർത്താണ്‌ ട്രംപ്‌ വീറ്റോ പ്രയോഗിച്ചത്‌.      റിപ്പബ്ലിക്കൻ പാർടിയിൽ നാലു വർഷമായി ട്രംപ്‌ നിലനിർത്തിവന്ന അപ്രമാദിത്തം അവസാനിച്ചെന്ന്‌ സൂചിപ്പിക്കുന്നതാണ്‌ ഭൂരിപക്ഷം റിപ്പബ്ലിക്കൻ അംഗങ്ങളും വീറ്റോയ്‌ക്കെതിരെ വോട്ട്‌ ചെയ്‌തത്‌. ജനങ്ങൾക്കുള്ള കോവിഡ്‌ ധനസഹായം 600 ഡോളറിൽനിന്ന്‌ 2000 ഡോളറായി ഉയർത്തണമെന്ന ട്രംപിന്റെ ആവശ്യവും റിപ്പബ്ലിക്കൻ ഭൂരിപക്ഷ സെനറ്റ്‌ തള്ളിയിരുന്നു. എന്നാൽ, റിപ്പബ്ലിക്കന്മാർ എതിർത്തിട്ടും പ്രതിനിധിസഭ അത്‌ അംഗീകരിച്ചിരുന്നു. പ്രതിരോധ ബജറ്റ്‌ വീറ്റോ തള്ളിയതിനെ തുടർന്ന്‌ സെനറ്റ്‌ റിപ്പബ്ലിക്കന്മാരെ ട്രംപ്‌ ട്വിറ്ററിലൂടെ രൂക്ഷമായി വിമർശിച്ചു. Read on deshabhimani.com

Related News