മാർഗനിർദേശങ്ങൾ ലംഘിച്ചു: അണികളെ ഞെട്ടിക്കാൻ കാറിൽ കറങ്ങി ട്രംപ്‌



വാഷിങ്‌ടൺ> കോവിഡ്‌ ബാധിച്ച്‌ സേനാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ക്വാറന്റൈൻ മാർഗനിർദേശങ്ങൾ ലംഘിച്ച്‌ കാറിൽ കറങ്ങി. ആശുപത്രിക്ക്‌ പുറത്ത്‌ തടിച്ചുകൂടിയ റിപ്പബ്ലിക്കൻ പാർടി അണികളെ ഞെട്ടിക്കാൻ ഞായറാഴ്‌ച വൈകിട്ട്‌ ട്രംപ്‌ നടത്തിയ പ്രകടനം ആരോഗ്യ വിദഗ്‌ധരുടെയും വൈറ്റ്‌ഹൗസ്‌ ലേഖക സംഘടനയുടെയും വിമർശനത്തിനിടയാക്കി. അടച്ചിട്ട കാറിൽ ട്രംപിനൊപ്പം ഉണ്ടായിരുന്ന രണ്ട്‌ സീക്രട്ട്‌ സർവീസ്‌ അംഗരക്ഷകരുടെ ജീവനും അപകടത്തിലാക്കുന്നതായിരുന്നു ‘ഷോ’. വാഷിങ്‌ടൺ ഡിസിക്കടുത്ത്‌ മേരിലാൻഡിലെ ബെത്തേസ്‌ഡയിലെ വാൾട്ടർ റീഡ്‌ നാഷണൽ മിലിറ്ററി മെഡിക്കൽ സെന്ററിൽ നിന്ന്‌ റോക്‌വിൽ പൈക്കിലൂടെയായിരുന്നു കറുത്ത എസ്‌യുവിയിൽ സവാരി. തെരുവിൽ കാത്തുനിൽക്കുന്ന ‘ദേശസ്‌നേഹികൾക്ക്‌’ താൻ ഒരു അത്ഭുതം സമ്മാനിക്കാൻ പോകുകയാണ്‌ എന്ന്‌ ട്വിറ്ററിലൂടെ പ്രഖ്യാപിച്ച ശേഷമായിരുന്നു യാത്ര‌. കാറിലിരുന്ന്‌ ട്രംപ്‌ അണികൾക്ക്‌ നേരെ കൈവീശി. വിദൂരപ്രദേശങ്ങളിൽ നിന്നും ട്രംപിന്റെ യാഥാസ്ഥിതിക അനുയായികൾ ആശുപത്രിക്ക്‌ പുറത്ത്‌ എത്തിയിട്ടുണ്ട്‌. ചികിത്സാ സംഘത്തിന്റെ അനുമതിയോടെയായിരുന്നു ഹ്രസ്വയാത്രയെന്ന്‌ വൈറ്റ്‌ഹൗസ്‌ ന്യായീകരിച്ചു. എന്നാൽ ട്രംപിന്റെ നടപടിയിൽ രോഷം പ്രകടിപ്പിച്ച്‌ വൈറ്റ്‌ഹൗസ്‌ കറസ്‌പോണ്ടന്റ്‌സ്‌ അസോസിയേഷൻ പ്രസ്‌താവനയിറക്കി. കാറിൽ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകർക്ക്‌ രോഗം പകരാൻ സാധ്യതയുണ്ടെന്നും അവർ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതാണെന്നും ട്രംപിനെ പ്രവേശിപ്പിച്ച സേനാ ആശുപത്രിയിലെ ഡോക്ടറായ ജെയിംസ്‌ ഫിലിപ്‌സ്‌ ട്വീറ്റ്‌ ചെയ്‌തു. ഔദ്യോഗികമായി പറയുന്നതിലും ഗുരുതരമാണ്‌ ട്രംപിന്റെ രോഗമെന്നും വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്‌. പ്രതിരോധശേഷി കൂട്ടാനും മറ്റും നൽകുന്ന ഡെക്‌സമെത്തസോൺ നൽകിയത്‌ അതുകൊണ്ടാകാമെന്നാണ്‌ സൂചന. എന്നാൽ ട്രംപ്‌ തിങ്കളാഴ്‌ച ആശുപത്രിയിൽനിന്ന്‌ വൈറ്റ്‌ഹൗസിലേക്ക്‌ മടങ്ങുമെന്ന്‌ അധികൃതർ അറിയിച്ചിരുന്നു. Read on deshabhimani.com

Related News